ദിയയുടെയും വനിതാ ജീവനക്കാരികളുടെയും ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ പരിശോധിക്കുന്നു; നടൻ കൃഷ്ണകുമാറിന്‍റെ ഫ്ലാറ്റിലെ ദൃശ്യങ്ങളും ശേഖരിച്ചു

തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണകുമാറിന്‍റെ കടയിൽ നിന്ന് വനിതാജീവനക്കാർ 69 ലക്ഷം തട്ടിയെന്ന പരാതിയിൽ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ ശേഖരിച്ച് പൊലീസ്. കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 8.82 ലക്ഷം കവർന്നെന്ന മൂന്ന് ജീവനക്കാരികളുടെ പരാതിയിലും സമാന തെളിവുകള്‍ പൊലീസ് ശേഖരിച്ചു.

തിങ്കളാഴ്ച കവടിയാറിലെ ദിയയുടെ ഫാൻസി ആഭരണശാലയായ 'ഓ ബൈ ഓസി'യിൽ പൊലീസ് പരിശോധന നടത്തി. കടയിൽ നിന്ന് സ്ഥാപനത്തിലെത്തിയ കസ്റ്റമേഴ്സിന്‍റെ മൊബൈൽ നമ്പറുകളടങ്ങിയ രജിസ്റ്ററും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.

കൂടാതെ, ജീവനക്കാരികൾ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടെന്നാരോപിക്കുന്ന കൃഷ്ണകുമാറിന്‍റെ ജവഹർ നഗറിലെ ഫ്ലാറ്റിലെ ദൃശ്യങ്ങളും ശേഖരിച്ചു. സ്ഥാപനത്തിലെ ഔദ്യോഗിക അക്കൗണ്ടിലേക്കെത്തിയ പണവും ജീവനക്കാരികളുടെ അക്കൗണ്ടിലേക്കെത്തിയ പണവും പരിശോധിച്ചു വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

തട്ടിക്കൊണ്ടുപോയെന്ന ജീവനക്കാരുടെ പരാതിയിൽ കേസെടുത്തെങ്കിലും പണം തട്ടിപ്പിൽനിന്ന് രക്ഷപ്പെടാൻ നൽകിയ എതിര്‍ പരാതിയാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവർ ചേര്‍ന്ന് 69 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

2024 ജൂലൈ മുതൽ സ്ഥാപനത്തിൽ നിന്നും പ്രതികൾ ഇത്തരത്തില്‍ പണം മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഉപഭോക്താക്കൾക്ക് സ്കാൻ ചെയ്ത് പണം നൽകാനുള്ള ക്യു.ആർ കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ടിലെ ക്യു.ആർ കോഡ് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Checking the bank statements of Diya and the female employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.