കോഴിക്കോട്: ക്രെഷർ വ്യവസായത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി നൽകി. മലപ്പുറം പട്ടർക്കടവ് സ്വദേശി സലീം നടുത്തൊടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരാതി നൽകിയത്. രേഖാമൂലം നൽകിയ പരാതിയിൽ നീതി ലഭ്യമാക്കണമെന്ന് സലീം ആവശ്യപ്പെട്ടു.
തന്നെ അറിയില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിഷയത്തിൽ നിന്ന് തലയൂരാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പണം തട്ടിയ സംഭവം സി.പി.എം നേതൃത്വത്തിന് അറിയാമെന്നും പലതവണ ചർച്ച നടന്നിട്ടും പണം നൽകാതെ ഒഴിഞ്ഞു മാറാൻ എം.എൽ.എ ശ്രമിക്കുന്നതായും പരാതിയിൽ സലീം ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറാകാത്തതിനെ തുടർന്ന് സലീം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹരജി നൽകിയിരുന്നു. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം പൊലീസ് വിദേശത്തായിരുന്ന സലീമിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ മഞ്ചേരി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രശ്നപരിഹാരം തേടി സലീം സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.