പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു -വീഡിയോ

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കി. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നീ നേതാക്കളുടെ സ്മൃതികുടീരങ്ങളാണ് അജ്ഞാതർ കരിഓയിൽപോലുള്ള രാസലായനി ഒഴിച്ച് വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. നേതാക്കൾ അന്ത്യവിശ്രമംകൊള്ളുന്നയിടത്തെ സ്തൂപത്തിലും ചിത്രങ്ങളിലുമാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയത്.

കോടിയേരി ബാലകൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത ചിത്രം പൂർണമായും വികൃതമാക്കി. ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നിവരുടെ സ്തൂപത്തിലെ പേരിനുമുകളിൽ രാസവസ്തു ഒഴിച്ച് നാശമാക്കി. സംഭവമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ്, എം.വി. ജയരാജൻ തുടങ്ങിയവർ പയ്യാമ്പലം സന്ദർശിച്ചു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ കാര്യങ്ങളിൽനിന്ന് ശ്രദ്ധമാറ്റി തെറ്റായ ദിശയിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾ വൈകാരികമായി കാണുന്നയിടങ്ങളാണ് സ്മൃതി മണ്ഡപങ്ങൾ.

അതിനെതിരായ കടന്നാക്രമണം ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് സാധാരണ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കുന്നവർക്കറിയാം. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം. ഇത്തരം സംഭവങ്ങൾക്കെതിരായി പ്രതിഷേധിക്കുമ്പോഴും ആത്മസംയമനത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തോടെ പ്രവർത്തകർ മുന്നോട്ടുപോകണമെന്നും പ്രകോപനങ്ങൾക്ക് വിധേയമാകരുതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ ഇൻസ്​പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്. സംഭവത്തിനുപിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന കാര്യം ഇപ്പോൾ ഉറപ്പിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. അനിഷ്ട സംഭവങ്ങളില്ലാതിരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ പറഞ്ഞു.

സി.പി.എം, കോൺഗ്രസ്, ബി.ജെ.പി നേതാക്കളുടെയും കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സ്മൃതികുടീരങ്ങൾ പയ്യാമ്പലത്തുണ്ട്. ഏറെക്കാലമായി കാര്യമായ രാഷ്ട്രീയ സംഘർഷങ്ങളൊന്നുമില്ലാത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം സ്മൃതികുടീരങ്ങൾക്കെതിരെ അതിക്രമമുണ്ടായത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.


Tags:    
News Summary - Charcoal oil was poured on the memorial tombs of CPM leaders in Payyambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.