ഗവർണറുടെ ചാൻസലർ പദവി മാറ്റൽ: ഓർഡിനൻസിന് പിൻബലമായി ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ട്

തിരുവനന്തപുരം: സർക്കാർ-ഗവർണർ പോരിന്‍റെ പാരമ്യതയിൽ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്ന ഓർഡിനൻസിന് സർക്കാർ ആയുധമാക്കുന്നത് മൂന്നുമാസം മുമ്പ് സർക്കാറിന് ലഭിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ടിലെ ശിപാർശ. ഡൽഹി ഡോ. ബി.ആർ. അംബേദ്കർ സർവകലാശാല മുൻ വി.സി ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷൻ റിപ്പോർട്ടിലാണ് ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാൻ ശിപാർശ ചെയ്തത്. കേന്ദ്രസർവകലാശാലകളിലേതിന് സമാനമായ ഭരണസംവിധാനമാണ് കമീഷൻ സംസ്ഥാനത്തെ സർവകലാശാലകൾക്ക് ശിപാർശ ചെയ്തത്. മുഴുവൻ സർവകലാശാലകളുടെയും വിസിറ്റർ പദവിയിൽ മുഖ്യമന്ത്രിയെ നിയമിക്കാനും വെവ്വേറെ ചാൻസലർമാരെ നിയമിക്കാനുമായിരുന്നു കമീഷൻ ശിപാർശ.

സർവകലാശാലകളിലെ സെനറ്റിന് പകരം ബോർഡ് ഓഫ് റീജൻസ് രൂപവത്കരിക്കാനും ഇതിൽനിന്ന് അക്കാദമിക്, ശാസ്ത്രം, സംസ്കാരം, വ്യവസായം, ഭരണനിർവഹണം, പൊതുജീവിതം എന്നീ മേഖലകളിൽനിന്ന് ഉയർന്ന മികവും കുറ്റമറ്റതുമായ വ്യക്തിയെ ചാൻസലറായി തെരഞ്ഞെടുക്കണമെന്നുമാണ് കമീഷൻ റിപ്പോർട്ടിൽ പറയുന്നത്. ഇതിനൊപ്പം ഗവർണറെ ചാൻസലർ പദവി വഹിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന പൂഞ്ചി കമീഷൻ റിപ്പോർട്ടിലെ ശിപാർശയും സർക്കാർ നീക്കത്തിനായി കൂട്ടുപിടിച്ചു.

ശ്യാം ബി. മേനോൻ കമീഷൻ റിപ്പോർട്ട് കഴിഞ്ഞ ജൂലൈയിൽ സമർപ്പിച്ചിരുന്നെങ്കിലും ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കുന്നത് സർക്കാർ പരിഗണിച്ചിരുന്നില്ല. പകരം ഇതേ കാലയളവിൽ ഡോ.എൻ.കെ. ജയകുമാർ അധ്യക്ഷനായി സമർപ്പിച്ച സർവകലാശാല നിയമപരിഷ്കരണ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ കൂടി പരിഗണിച്ച് വി.സി നിയമനത്തിൽ ചാൻസലർക്കുള്ള അധികാരം പരിമിതപ്പെടുത്താനുള്ള ബില്ലാണ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പാസാക്കിയത്. ഈ ബിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുമ്പോൾ പകരം ആരെ നിയമിക്കുമെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. പദവി ഏറ്റെടുക്കാൻ മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചില്ല. പിന്നീട് ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരെ ചാൻസലർ പദവിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ചും ആലോചനകൾ നടന്നു.

ഒടുവിൽ ശ്യാം ബി. മേനോൻ കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്ത രീതിയിൽ വെവ്വേറെ ചാൻസലർ എന്ന നിലപാടിലേക്ക് സർക്കാർ എത്തുകയായിരുന്നു. ഓർഡിനൻസ് ഒപ്പിടാൻ ഗവർണർ തയാറായാലും ഇല്ലെങ്കിലും അടുത്ത നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ച് പാസാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  




Tags:    
News Summary - Changing Governor's Chancellor Title: Higher Education Reform Commission Report Backs Ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.