കോഴിക്കോട്ടെ രണ്ടു ഐ.ടി പാർക്കുകളും ആറുവരിയായി മാറിക്കൊണ്ടിരിക്കുന്ന ദേശീയപാത 66ലെ കോഴിക്കോട് ബൈപാസിനരികിലാണ്. ഇവിടെ നിന്ന് മിനിറ്റുകൾകൊണ്ട് കരിപ്പൂർ വിമാനത്താവളത്തിലെത്താം. ഏതാനും മണിക്കൂർ കൊണ്ട് കണ്ണൂർ വിമാനത്താവളവും പിടിക്കാം. ഒരു മണിക്കൂർ ആകാശദൂരമേയുള്ളൂ ബംഗളൂരുവിലേക്ക്, ചെന്നൈക്ക് ഒന്നര മണിക്കൂർ. ഹൈദരാബാദിലേക്കും മുംബൈക്കും രണ്ടു മണിക്കൂർ.
ഗൾഫിലെ പ്രധാന രാജ്യങ്ങളിലേക്കെല്ലാം 4-5 മണിക്കൂർ ദൂരം മാത്രം. കോഴിക്കോട് റെയിൽവേ സ്റ്റേഷനെ വിമാനത്താവള നിലവാരത്തിലേക്ക് മാറ്റുന്ന വൻവികസന പ്രവൃത്തിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിയും സജീവ ചർച്ചയിലാണ്.പ്രശസ്തമായ ഐ.ഐ.എം, എൻ.ഐ.ടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുടുംബത്തോടെ കോഴിക്കോട്ടേക്ക് ജീവിതം പറിച്ചുനടാൻ പ്രേരിപ്പിക്കുന്നതാണ്. മികച്ച നിലവാരത്തിലുള്ള മറ്റു പ്രഫഷനൽ, ആർട്സ് ആൻഡ് സയൻസ് കോളജുകളും നഗരത്തിലും പരിസരത്തുമായുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള മാളുകളും നക്ഷത്ര ഹോട്ടലുകളും ഫ്ലാറ്റ് സമുച്ചയങ്ങളും പെരുകിവരുന്നത് നഗരത്തിന്റെ ജീവിത നിലവാരത്തിലുണ്ടായ മാറ്റം കൂടി പ്രതിഫലിപ്പിക്കുന്നതാണ്. കലാ, സാഹിത്യ, സാംസ്കാരിക, സംഗീത, വിനോദ പരിപാടികളാൽ സമ്പന്നമായ നഗര സന്ധ്യകൾ അത്തരം അഭിരുചിയുള്ളവരുടെ ഇഷ്ടസ്ഥലമാക്കി കോഴിക്കോടിനെ മാറ്റുന്നു. ഭക്ഷണപ്രിയരുടെ ഇഷ്ടനഗരം കൂടിയാണിത്. ടൂറിസം രംഗത്തും കോഴിക്കോട് മുൻനിരയിലേക്ക് കുതിക്കുകയാണ്. നഗരസായാഹ്നങ്ങളെ ഉല്ലാസകരമാക്കുന്ന ബീച്ചിന്റെ വൈബ് ഒന്നു വേറെത്തന്നെയാണ്.
വിപുലമായ സൗകര്യങ്ങളോടെ ഒരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ബീച്ചിനെ ഒന്നുകൂടി ആകർഷകമാക്കും. വാരാന്ത്യത്തിൽ മനസ്സൊന്ന് തണുപ്പിക്കാൻ പ്രകൃതിയുടെ നിബിഡതയിലേക്കിറങ്ങാൻ വയനാട് തൊട്ടടുത്തുണ്ട്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി മികച്ച സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ. അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്, ബേപ്പൂർ ജലമേള, മലബാർ മഹോത്സവം, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടങ്ങി കോഴിക്കോടിന് മാത്രം അവകാശപ്പെടാവുന്ന നിരവധി മേളകൾ. ഇതെല്ലാം ഈ നാടിനെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്നു.
സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാവുന്ന നഗരമായി യുവ പ്രഫഷനലുകൾ തിരഞ്ഞെടുക്കുന്ന നഗരം കൂടിയാണ് കോഴിക്കോട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ 10 സുരക്ഷിത നഗരങ്ങളിലൊന്നാണ് കോഴിക്കോട്. ഈ ബഹുമതിയുള്ള കേരളത്തിലെ ഏക നഗരം.
ഈ അനുകൂല ഘടകങ്ങളെയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് കോഴിക്കോട്ടെ ഐ.ടി വികസനത്തിന് വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഈയിടെ നടത്തിയ കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്സ്) വലിയ വിജയമായിരുന്നു. 150 ഓളം ഐ.ടി കമ്പനികൾ പങ്കെടുത്തു. ഇതിൽ 65ഉം കോഴിക്കോട്ടുനിന്നുള്ളതായിരുന്നു. മൂന്നു ദിവസത്തെ മേളയിൽ വിദേശത്തുനിന്നുൾപ്പെടെ 10,000ത്തിലേറെ പേർ സന്ദർശകരായെത്തി. അവർക്കുമുന്നിൽ നൂറിലേറെ സ്റ്റാളുകൾ തങ്ങളുടെ സാങ്കേതികത്തികവ് പ്രദർശിപ്പിച്ചു. ഈ രംഗത്തെ പ്രഗത്ഭരുടെ നീണ്ട നിര തന്നെ കാലിക്കറ്റ് ട്രേഡ് സെന്ററിലെത്തി. രാജ്യത്തെ ഐ.ടി വ്യവസായികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ‘നാസ്കോ’മിന്റെ പുതിയ അധ്യക്ഷൻ മലയാളി കൂടിയായ രാജേഷ് നമ്പ്യാർ കെ.ടി. എക്സിനെത്തിയത് വലിയ പ്രതീക്ഷ നൽകുന്നു. ഐ.ടി മേഖലയിൽ ഭാവി സാധ്യത ഏറെയുള്ള ഇടമാണ് കോഴിക്കോട് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
നഗരത്തിലെ ഒമ്പത് പ്രധാനപ്പെട്ട സംഘടനകളും സ്ഥാപനങ്ങളും ചേർന്ന് രൂപവത്കരിച്ച കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റിവ് (സിടി 2.0) ആയിരുന്നു എക്സ്പോ സംഘാടകർ.
മലബാർ ചേംബർ ഓഫ് കോമേഴ്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കോഴിക്കോട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), കാലിക്കറ്റ് ഫോറം ഫോർ ഐ.ടി, ഗവ.സൈബർ പാർക്ക്, യു.എൽ സൈബർ പാർക്ക്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, ക്രെഡായി തുടങ്ങിയവയാണ് ഒരുമിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
ദുബൈയുടെ സ്വന്തം ജൈറ്റക്സ് മേള പോലെ കെ.ടി.എക്സിനെ വളർത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സിടി 2.0 ചെയർമാൻ അജയൻ കെ. ആനാട്ട് പറഞ്ഞു. കാര്യപ്രാപ്തിയുള്ള ഐ.ടി, എൻജിനീയറിങ് പ്രഫഷനലുകളുടെ വലിയൊരു പൂൾ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാറിന്റെയും മുകളിൽ പറഞ്ഞ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നവേഷന്റെയും ടെക്നോളജിയുടെയും ഹബ് ആയി കോഴിക്കോടിനെ മാറ്റുകയാണ് ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് കോഴിക്കോട് പോലുള്ള നഗരങ്ങളുടെ സൗകര്യ വികസനത്തിലാണ് ഊന്നൽ നൽകേണ്ടതെന്ന ബോധ്യത്തോടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാറും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.