മഴ മുന്നറിയിപ്പിൽ മാറ്റം: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ചയോടെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

നവംബർ 30 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളി, ശനി ദിവസങ്ങളിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 45–65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ശനിയാഴ്ച രാത്രി 11.30 വരെ പ്രക്ഷുബ്ധമായ തിരമാലകൾക്ക് കാരണമാകുന്ന കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് വേലിയേറ്റ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

അതേസമയം, ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും മഴ കനക്കും. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്.

ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഡിറ്റ് വാ ചുഴലിക്കാറ്റ്. ശ്രീലങ്കയിൽ മരണ സംഖ്യ 100 കടന്നു. ലങ്കൻ സർക്കാരിന്‍റെ അഭ്യർഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയിൽ 100 പേർ മരിച്ചു. നിരവധി പേരെ കാണാതായി. പലയിടത്തും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. 25 ജില്ലകളിൽ ഇരുപതിലും ജനജീവിതം നിശ്ചലമായെന്നാണ് റിപ്പോർട്ടുകൾ. 

Tags:    
News Summary - Change in rain warning: Yellow alert in five districts, possibility of isolated rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.