തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് പ്രസ്താവനയോടെ കോൺഗ്രസ്-മുസ്ലിംലീഗ് ബന്ധത്തിൽ ഉടലെടുത്ത അസ്വാരസ്യം ഏകദേശം പരിഹരിച്ചെങ്കിലും ചാൻസലർ വിഷയത്തിൽ തർക്കം ബാക്കി. ഈ തർക്കത്തെ അടുത്തയാഴ്ച തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ ഉപയോഗപ്പെടുത്താനാണ് ഭരണപക്ഷ നീക്കം.
വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാറിന്റെ താൽപര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യംകൂടി ഉന്നമിട്ടാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബിൽ സർക്കാർ നിയമസഭയിൽ കൊണ്ടുവരുന്നത്. ഈ ബില്ലിന്റെ കാര്യത്തിൽ യു.ഡി.എഫിൽ ഭിന്നത രൂപപ്പെടുമെന്ന് സർക്കാറും ഭരണപക്ഷവും കണക്കുകൂട്ടുന്നു. ബില്ലിനെ കോൺഗ്രസ് പൂർണമായും എതിർക്കുമ്പോഴും അത്തരമൊരു നിലപാട് ലീഗിനില്ല. ഗവർണറെ മാറ്റിയാൽ അധ്യാപക തസ്തികകളിൽ ഉൾപ്പെടെ സ്വന്തക്കാരെ തിരുകിക്കയറ്റി സർവകലാശാലകളെ സി.പി.എം വരുതിയിലാക്കുമെന്നാണ് കോൺഗ്രസിന്റെ വാദം. ഈ വാദത്തോട് ലീഗിന് യോജിപ്പില്ല. കേന്ദ്രസർക്കാറിന്റെ ചട്ടുകമായ ഗവർണറെ പിന്തുണക്കേണ്ട കാര്യമില്ലെന്നാണ് അവരുടെ നിലപാട്. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, സർവകലാശാലകളെ കാവിവത്കരിക്കാൻ ചാൻസലർ പദവി കേന്ദ്രസർക്കാർ ദുരുപയോഗിച്ചേക്കാമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബിൽ നിയമസഭയിൽ വരുമ്പോൾ കോൺഗ്രസ്, ലീഗ് നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടാനാകുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.