കൊച്ചി: അഡ്വ. സി.പി. ഉദയഭാനുവിനെതിരെ നടപടി സ്വീകരിക്കും മുമ്പ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട കേസിെൻറ വിവരങ്ങൾ സമർപ്പിക്കണമെന്ന് ഹൈകോടതി. കേസിെൻറ വ്യക്തവും കൃത്യവുമായ വിവരങ്ങളും ഗൂഢാലോചനയുമായി ഹരജിക്കാരനെ ബന്ധിപ്പിക്കുന്ന സാഹചര്യങ്ങളും മുദ്ര വെച്ച കവറിൽ ഒക്ടോബർ 16നകം സമർപ്പിക്കാൻ കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ഉദയഭാനു നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് േകാടതി പരിഗണിച്ചത്.
രാജീവുമായി മുൻ പരിചയമുണ്ടെങ്കിലും സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ മുൻകൂർ ജാമ്യ ഹരജി നൽകിയത്. കൊല്ലപ്പെട്ട രാജീവ് കേസുമായി സമീപിച്ചാണ് തനിക്ക് പരിചയമുള്ളത്. പാലക്കാട്ട് ഭൂമി വാങ്ങി നൽകാമെന്ന് രാജീവ് വാഗ്ദാനം ചെയ്തിരുന്നു. 2016 ജൂലായ് എട്ടിന് പത്ത് ലക്ഷം രൂപയും പിന്നീട് മകളുടെ ചികിത്സയ്ക്കു വേണ്ടി 2017 ഏപ്രിൽ 24ന് ഒന്നര ലക്ഷം രൂപയും രാജീവ് വാങ്ങി.
എന്നാൽ, രാജീവ് വഞ്ചിക്കുകയാണെന്ന് വ്യക്തമായതോടെ ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ഹരജിക്കാരനെതിരെ അന്വേഷണം ആരംഭിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം, കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും വ്യക്തമാക്കി.
അറസ്റ്റിലായ ഒരു പ്രതി ഹരജിക്കാരനെ ഫോണിലൂടെ ബന്ധപ്പെട്ടതായാണ് പറയുന്നത്. അഭിഭാഷകനെ ഒരു പ്രതി േഫാണിൽ വിളിച്ചതിെൻറ പേരിൽ മാത്രം പ്രോസിക്യൂട്ട് ചെയ്യാൻ തുനിഞ്ഞാൽ എല്ലാ ക്രിമിനൽ അഭിഭാഷകരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടതായി വരും. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യം പൊലീസ് പരിഗണിക്കണം. കുറ്റകൃത്യത്തിന് രൂപം നൽകി നടപ്പാക്കാൻ മനസ്സറിവോടെ പ്രവർത്തിച്ച വ്യക്തികൾക്കെതിരെ മാത്രമേ ഗൂഢാലോചനക്കുറ്റം നിലനിൽക്കൂ.
ഗൂഢാലോചന തെളിയാൻ കുറ്റകൃത്യം നടത്തുന്ന രണ്ട് മനസ്സുകൾ തമ്മിലുണ്ടായ അടുപ്പം വ്യക്തമാകണം. ഗൂഢാലോചന കേസിൽ ഒരാളെ പ്രതിയാക്കുമ്പോൾ വ്യക്തവും കൃത്യവുമായ തെളിവുണ്ടാകണം. വെറും ടെലിഫോൺ കാളിെൻറ പേരിലോ കൂട്ടുപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലോ ഗൂഢാലോചനക്കുറ്റം ചുമത്തി ഒരാളെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. ഈ കേസിൽ എന്ത് തെളിവാണ് ഹരജിക്കാരനെതിരെയുള്ളതെന്ന് കോടതിക്ക് അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് കേസിെൻറ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശിച്ചത്. ഹരജി വീണ്ടും 16ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.