കോട്ടയം: എം.ജി സര്‍വകലാശാലയില്‍നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോർമാറ്റുകൾ മോഷണം പോയത് തന്നെയെന്ന നിഗമനത്തിലെത്തിയ പൊലീസ് ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, പ്രതിസ്ഥാനത്ത് ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ഫെബ്രുവരി ഒന്നിനും ജൂണിനുമിടയിൽ മോഷണം നടന്നതെന്ന നിലയിലാണ് ഗാന്ധിനഗർ പൊലീസിന്റെ എഫ്.ഐ.ആർ. ഫോർമാറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസ് പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയതെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. 54 ബിരുദ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകളാണ് എം.ജിയിൽനിന്ന് കാണാതായത്.
തുടർന്ന് സെക്ഷന്റെ ചുമതലയുണ്ടായിരുന്ന ഓഫിസറെയും മുന്‍ സെക്ഷന്‍ ഓഫിസറെയും സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരടക്കം പത്തിലേറെ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് ദുരുപയോഗം ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ വിവരിക്കുമ്പോഴും അത് എങ്ങനെ നഷ്ടപ്പെട്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.
താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ ഈ വിഭാഗത്തിൽ ജോലി ചെയ്തിരുന്നതായും ആക്ഷേപമുണ്ട്. സംഭവം പുറത്തുവന്നപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിഷേധങ്ങളും ഇപ്പോൾ കെട്ടടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.