കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ അറിയിച്ചു. വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ന്യായീകരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നൽകിയത്. വായ്പകളിൽ ഇളവ് നൽകുന്നതിനുള്ള ദുരന്തനിവാരണ നിയമത്തിലെ അനുബന്ധ വകുപ്പ് 2025 മാർച്ചിൽ ഭേദഗതി ചെയ്‌തു. തീരുമാനം എടുക്കേണ്ടത് ബാങ്കുകളാണ്. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രം അറിയിച്ചു. വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് കോടതി നിരന്തരം ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
വായ്പ എഴുതിത്തള്ളാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നൽകുന്ന ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ വിവേചനാധികാരം ഉപയോഗിച്ച് ദുരന്തബാധിതരെ സഹായിച്ചുകൂടേ എന്നും, വായ്പ എഴുതിത്തള്ളുന്നതിൽ മാനുഷിക പരിഗണന കാട്ടണമെന്നും ഹൈകോടതി കേന്ദ്രത്തോട് നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രസർക്കാർ മുഖവിലക്കെടുത്തിട്ടില്ല എന്നാണ് സത്യവാങ്മൂലത്തിലൂടെ വ്യക്തമാകുന്നത്. നേരത്തെ 207 പേരുടെ 3.85 കോടി രൂപയുടെ വായ്‌പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇത് മാതൃകയാക്കണമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രകൃതി ദുരന്തത്തിൽ മറ്റ് സംസ്ഥാനങ്ങളോട് കാണിക്കുന്ന സമീപനമല്ല കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് വായ്പയുടെ കാര്യത്തിലും പ്രതികൂല നയം സ്വീകരിക്കുന്നത്. വിദഗ്ധസമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2221 കോടി രൂപയാണ് വയനാട് പുനർനിർമ്മാണത്തിനായി കേരളം അവശ്യപ്പെട്ടത്. സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്നാണ് ആദ്യഘട്ട ചർച്ചകളിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. സമാന ആവശ്യംകേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ അന്തിഘട്ട ചർച്ചയിലും ചീഫ് സെക്രട്ടറി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 260.56 കോടി കേന്ദ്രം വയനാടിനായി അനുവദിച്ചത്. അതേസമയം, പ്രളയ ദുരന്തം നേരിട്ട അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. ഒമ്പത് സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
കേന്ദ്രത്തിന്‍റെ സമീപനത്തിൽ വിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. വീടുകളും ഉപജീവന മാർഗങ്ങളും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം വലിയ സഹായം പ്രതീക്ഷിച്ചിരുന്നു. പകരം അവർക്ക് ലഭിച്ചത് അവഗണനയാണ്. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യന്റെ വേദനയെ രാഷ്ട്രീയ അവസരമായി കണക്കാക്കാൻ സാധിക്കില്ല. വയനാട്ടിലെ ജനങ്ങൾ നീതി, പിന്തുണ, അന്തസ് എന്നിവയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.