ന്യൂഡൽഹി: പ്രളയക്കെടുതി നേരിടാൻ കേരളത്തിന് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. വിദേശ രാജ്യങ്ങളിൽ നിന്ന് ധനസഹായം സ്വീകരിക്കില്ലെന്ന നയത്തിൽ മാറ്റം വരുത്തില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ വിശദമായ ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ സൗഹൃദ രാജ്യം എന്ന നിലക്ക് യു.എ.ഇ നൽകുന്ന പണം സ്വീകരിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. എന്നാൽ മുൻപ് ഇത്തരം സന്ദർഭങ്ങളിൽ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നും ആ നയം മാറ്റേണ്ടെന്നുമുള്ള നിലപാടാണ് കേന്ദ്ര സർക്കാറിനെന്നാണ് റിപ്പോർട്ട്.
രാജ്യങ്ങളുടെ പേരിൽ ധനസഹായം സ്വീകരിക്കില്ലെങ്കിലും വ്യക്തികളുടെ പേരിൽ സഹായം സ്വീകരിക്കാമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. എന്നാൽ യു.എ.ഇയുടെ വാഗ്ദാനം ഇതുവരെ വിദേശകാര്യ മന്ത്രാലയത്തിനു മുന്നിെലത്തിയിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസികൾക്കും രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകൾക്കും പണം അയക്കാം. അതിന് നികുതി നൽകേണ്ടതില്ല. എന്നാൽ രജിസ്ട്രേഡ് സംഘടനകളല്ലെങ്കിൽ നികുതി നൽകേണ്ടി വരുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കേണ്ട എന്നത് സര്‍ക്കാരിന്‍റെ നിലപാട് മാത്രമാണ്. 2004 വരെ ഇന്ത്യ വിദേശത്ത് നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ നേരിട്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴിയാണ് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.