തിരുവനന്തപുരം: 30 വര്‍ഷം സര്‍വീസും ഡി.ജി.പി റാങ്കും ഉള്ളവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പട്ടികയിൽ ഉള്‍പ്പെടുത്തിയാൽ മതിയെന്ന് കേന്ദ്രം. എ.ഡി.ജി.പി റാങ്കിലുള്ള എം.ആര്‍. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കി പട്ടിക നൽകാനാണ് കേന്ദ്ര നിർദേശം. അതേസമയം എ.ഡി.ജി.പി റാങ്കിലുള്ളവരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആലോചനയുണ്ട്.
ആറു പേരുടെ പട്ടികയാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ സംസ്ഥാനം കേന്ദ്രത്തിന് നൽകിയത്. നിതിൻ അഗര്‍വാള്‍, രാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇതിൽ സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നിവർ എ.ഡി.ജി.പി റാങ്കിലുള്ളവരാണ്. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഡി.ജി.പി റാങ്കിലുള്ളവരുടെ കുറവുണ്ടെങ്കിൽ മാത്രം എ.ഡി.ജി.പി റാങ്കിലുള്ളവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പട്ടികയിൽ ഉള്‍പ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്ര നിർദേശം.
അതേസമയം മുമ്പ് എ.ഡി.ജി.പി റാങ്കിലുള്ളവരെയും പട്ടികയിൽ ഉള്‍പ്പെടുത്തിയ കീഴ്വഴക്കം കേന്ദ്രത്തോട് ചൂണ്ടിക്കാട്ടാനാണ് സംസ്ഥാനം ആലോചിക്കുന്നത്. ഇതിനിടെ പട്ടികയിലുള്ള രവാഡ ചന്ദ്രശേറിനെ അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്ന ഐ.ബിയിൽ സെക്രട്ടറി സെക്യൂരിറ്റി എന്ന പദവി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച യു.പി.എസ്.സി യോഗം ചേരും. മൂന്നു പേരുടെ പട്ടിക തയാറാക്കി സംസ്ഥാനത്തിന് കൈമാറുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.