കോട്ടയം: കുമരകത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനെതിരെ പ്രതിഷേധം. ദുരിതബാധിതരോട് സംസാരിക്കാനോ പ്രശ്നങ്ങൾ മനസ്സിലാക്കാനോ മന്ത്രി തയാറായില്ലെന്ന് പറഞ്ഞ് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം അറിഞ്ഞ കേന്ദ്രമന്ത്രി വീണ്ടുമെത്തി താമസക്കാരെ കണ്ടു.
കോട്ടയം കുമരകം ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി മടങ്ങിയതോെടയാണ് താമസക്കാർ പ്രതിഷേധവുമായി എത്തിയത്. 20 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് ഹെലികോപ്ടറിൽ വന്നിറങ്ങിയ കിരൺ റിജിജുവും അൽഫോൻസ് കണ്ണന്താനവും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരുടെ സംഘം ശനിയാഴ്ച വൈകീട്ട് 3.15നാണ് ക്യാമ്പിലെത്തിയത്. സംഘം അഞ്ചുമിനിറ്റിൽ താഴെ മാത്രമാണ് ഇവിടെ ചെലവഴിച്ചത്.
ഒരു ക്ലാസ് മുറിയിൽ മാത്രമാണ് മന്ത്രി കയറിയത്. ഇവിടെ കഴിയുന്നവരോട് മന്ത്രി അൽഫോൻസ് കണ്ണന്താനം പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോയെന്ന് ചോദിച്ചശേഷം വേഗത്തിൽ മടങ്ങുകയായിരുന്നു.
പിന്നാലെ മാധ്യമങ്ങളുമായി സംസാരിച്ചശേഷം മന്ത്രി ഉൾപ്പെടെ പ്രളയദുരിതം മനസ്സിലാക്കാൻ കുമരകം ചന്തക്കവലയിലേക്ക് പുറപ്പെട്ടു. ഇതോെട തങ്ങളുടെ പ്രശ്നങ്ങൾ ഒന്നും കേട്ടില്ലെന്നും പറ്റിക്കുകയായിരുന്നെന്നും ആരോപിച്ച് താമസക്കാർ രംഗത്തെത്തി. ചാനലുകാരെ കാണിക്കാനുള്ള ഷോ മാത്രമാണ്. ഇതിനെക്കാൾ നല്ലത് പഞ്ചായത്ത് പ്രസിഡൻറ് വരുന്നതായിരുന്നു. മന്ത്രി വരുന്നുവെന്ന് പറഞ്ഞ് ഞങ്ങളെ എന്തിനാണ് കാത്തിരുത്തിയതെന്നും സ്ത്രീകൾ അടക്കം ചോദിച്ചു.
മടങ്ങാൻ താമസിച്ച ജോസ് െക. മാണി എം.പിയെ ഇവർ നേരിൽ പ്രതിഷേധവും അറിയിച്ചു. പിന്നാലെ, കുമരകം ചന്തക്കവലക്ക് സമീപത്തെ വള്ളാര പുത്തൻപള്ളി ൈമതാനം ചുറ്റിയെത്തിയശേഷം മടങ്ങുന്നതിനിടെ, മന്ത്രി സംഘം വീണ്ടും ക്യാമ്പിലെത്തി. കൈയടികളോടെയാണ് അവരെ നാട്ടുകാർ എതിരേറ്റത്. സ്കൂളിലെ വിവിധ മുറികളിലായി താമസിക്കുന്ന എല്ലാവരുെടയും അടുത്തെത്തിയ മന്ത്രി പരാതികൾ കേട്ടു. പുറം ബണ്ട് നിർമിച്ച് വെള്ളപ്പൊക്കത്തിൽനിന്ന് നാട്ടുകാരെ രക്ഷിക്കണമെന്ന് ക്യാമ്പിലുള്ളവർ ആവശ്യപ്പെട്ടു. കുടിവെള്ളം കിട്ടാനില്ല, മതിയായ ശുചീകരണ സൗകര്യം ഇല്ല തുടങ്ങിയ പരാതികളും ഉന്നയിച്ചു. ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. രണ്ടാംവരവിൽ 10 മിനിറ്റിലധികം ഇവർ ദുരിതബാധിതർക്കൊപ്പം ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.