പഞ്ചായത്തുകളുടെ ആസ്തി സ്വകാര്യമേഖലക്ക്​ വിറ്റഴിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണം -മന്ത്രി

തിരുവനന്തപുരം: വിത്തെടുത്ത് കുത്തുന്ന നിലപാടുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും സ്വന്തം ആസ്തികള്‍ സ്വകാര്യമേഖലക്ക്​ വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്നുള്ള നിര്‍ദേശമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുക എന്നത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറിയുടെ നിര്‍ദേശത്തിന് പിന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്‍റെ വിവിധ വികസന പരിപാടികള്‍ നടപ്പാക്കുന്നതിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ഗ്രാമസഭകളെ കൂടുതല്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായെന്നുള്ള കുറിപ്പോടെ കേന്ദ്ര സെക്രട്ടറി അയച്ച സര്‍ക്കുലറില്‍ ഗ്രാമസഭകള്‍ മാസം തോറും പരിഗണിക്കാനായി നിര്‍ദേശിച്ച 71 വിഷയങ്ങളില്‍ ഗ്രാമസഭകള്‍ക്കുള്ള അജണ്ടകളില്‍ ഒന്നായാണ് ആസ്തികളുടെ വില്‍പ്പന നിര്‍ദേശം. കേന്ദ്ര സര്‍ക്കാറിന്‍റെ ആസ്തി വില്‍പ്പന പരിപാടി തയാറാക്കിയ നീതി ആയോഗ് തന്നെയാണ് പഞ്ചായത്തുകളുടെ ആസ്തി വിറ്റഴിക്കാനും നിര്‍ദേശിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി രാജ്യത്തിന്‍റെ ഹൃദയങ്ങളായ ഗ്രാമപഞ്ചായത്തുകളെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അധികാര വികേന്ദ്രീകരണ പ്രക്രിയക്കും ജനകീയാസൂത്രണത്തിനും പകരം കോര്‍പ്പറേറ്റ് അജണ്ടകള്‍ തോന്നുംപടി നടപ്പാക്കുന്ന അധികാര കേന്ദ്രങ്ങളായി ഗ്രാമപഞ്ചായത്തുകളെ മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തുകളുടെ ആസ്തി വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഭരണഘടനയേയും ജനാധിപത്യത്തേയും അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും വിവാദ നിര്‍ദേശം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികൾ സ്വകാര്യമേലഖക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന്​ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായുള്ള വിവരം 'മാധ്യമ'മാണ്​ പുറത്തുവിട്ടത്​.


മോദിയുടെ 'വിൽപന' ഏറ്റവും താഴെത്തട്ടിലേക്ക്​; പഞ്ചായത്തുകളും ആസ്​തികൾ വിറ്റഴിക്കണമെന്ന്​ കേന്ദ്രസർക്കാർ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികൾ സ്വകാര്യമേലഖക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന് കേന്ദ്ര സർക്കാർ. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം നൽകിയ കത്തിലാണ് വിവാദ നിർദ്ദേശം. കേന്ദ്രം പ്രഖ്യാപിച്ച ധനസമഹാരണ പരിപാടി (നാഷനൽ മോണറ്റൈസേഷൻ പൈപ്പ്ലൈൻ-എൻ.എം.പി)യുടെ തുടർച്ചയായാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള കത്തിൽ കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി സുനിൽ കുമാർ ആസ്തികൾ വിറ്റഴിക്കാൻ നിർദ്ദേശിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾ മുതൽ റെയിൽ, റോഡ് തുടങ്ങി 13 മേഖലകളിലെ ആറ് ലക്ഷം കോടി രൂപയുടെ ആസ്തി നാല് വർഷം കൊണ്ട് സ്വകാര്യമേഖലയെ ഏൽപ്പിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ചത്.

സർക്കാറിന്‍റെ വിവിധ വികസന പരിപാടികൾ നടപ്പാക്കുന്നതിെൻറ മേൽനോട്ടം വഹിക്കുന്ന ഗ്രാമസഭകളെ കൂടുതൽ സജീവമാക്കുന്നതിെൻറ ഭാഗമായി എന്ന കുറിപ്പോടെ ആഗസ്റ്റ് 16 നാണ് കേന്ദ്ര സെക്രട്ടറി കത്തയച്ചത്. ഗ്രാമസഭകൾക്ക് മാസം തോറും പരിഗണിക്കേണ്ട വിഷയം സൂചിപ്പിച്ച് 71 വിഷയങ്ങളാണ് കുറിപ്പിലെ മാതൃകാ കലണ്ടറിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇതിൽ ആഗസ്ത് മാസത്തിൽ ഗ്രാമസഭകൾ പരിഗണിക്കാനായി നിർദ്ദേശിച്ചിട്ടുള്ള അജണ്ടയിലാണ് ആസ്തികളുടെ വിൽപ്പനാ നിർദ്ദേശം വ്യക്തമാക്കുന്നത്.

വസ്തു നികുതി, തൊഴിൽ നികുതി, പൊതു സ്വത്തുകളുടെ പാട്ടം, സർവ്വീസ് ചാർജ്ജ്, കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിെന(സി.എസ്.ആർ.) ഉപയോഗപ്പെടുത്തൽ എന്നിവയും ഒപ്പം അജണ്ടയായി കുറിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ ആസ്തിവിൽപ്പന പരിപാടി തയ്യാറാക്കിയ നീതി ആയോഗിേൻറതാണ് പഞ്ചായത്തുകൾക്കുള്ള ആസ്തി വിറ്റഴിക്കൽ നിർദ്ദേശവും.

കേന്ദ്ര സർക്കാറിന്‍റെ ആസ്തി വിൽപ്പനയെ കേരളം ഉൾപടെ വിവിധ ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകൾ അതിശക്തിമായി എതിർക്കുകയാണ്. കേരളത്തിൽ എൽ.ഡി.എഫ് ആസ്തി വിറ്റഴിക്കലിന് എതിരെ രൂക്ഷ വിമർശവും പ്രതിഷേധ പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്. ഇൗ സാഹചര്യത്തിൽ നേരിട്ട് ഗ്രാമപഞ്ചായത്തുകളിലേക്ക് ഇടപെടുകയാണ് കേന്ദ്രം പഞ്ചായത്തീരാജ് മന്ത്രാലയം വഴി. സംസ്ഥാന വിഹിതത്തിന് പുറമേ കേന്ദ്ര പദ്ധതികളിലൂടെ കൂടിയാണ് പഞ്ചായത്തുകൾക്ക് ഫണ്ടുകൾ ലഭിക്കുന്നത്. ഒപ്പം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻറുകളെയും ആശ്രയിച്ചാണ് പഞ്ചായത്തുകളുടെ മുന്നോട്ടുള്ള പ്രവർത്തനം.

കേന്ദ്ര സർക്കാറിന്‍റെ എൻ.എം.പി വഴി റെയിൽ, റോഡ്, വൈദ്യുതി തുടങ്ങിയ 13 മേഖകളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടു വരാനാണ് തീരുമാനം. ഉടമസ്ഥാവകാശം കൈമാറാതെ, നിശ്ചിത കാലത്തേക്ക് കരാർ വ്യവസ്ഥയിൽ ആസ്തികളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറി അടിസ്ഥാന സൗകര്യ വികസന ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് നീതി ആയോഗ് തയ്യാറാക്കി മാർഗരേഖയിൽ പറയുന്നത്. റോഡുകൾ, പാസഞ്ചർ ട്രെയിനുകൾ, 400 റെയിൽവേ സ്റ്റേഷനുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവ സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ നൽകും. വിമാനത്താവള സ്വകാര്യവൽക്കരണവും സമാന്തരമായി നടപ്പാകുകയാണ്.

കോഴിക്കോട് വിമാനത്താവളം ഇൗ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. ഇൗ മാതൃകയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ആസ്തികൾ സ്വകാര്യ മേഖലക്ക് കൈമാറണമെന്നാണ് പഞ്ചായത്തീരാജ് മന്ത്രാലയത്തിെൻറ നിർദ്ദേശം. പഞ്ചായത്തുകളുടെ കൈവശമുള്ള കളിസ്ഥലങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ആശുപത്രികൾ മറ്റ് ആസ്തികൾ എന്നിവയുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറുകയാണ് ലക്ഷ്യം.

Tags:    
News Summary - Central government should withdraw directive to sell panchayat assets to private sector: Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.