കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. തീരുമാനമെടുത്ത് അറിയിക്കാൻ ഒന്നര മാസം മുമ്പ് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടും വെള്ളിയാഴ്ച ഹരജി പരിഗണിക്കവെ കേന്ദ്രത്തിന് തീരുമാനം അറിയിക്കാനായില്ല. തുടർന്ന് ജൂൺ 11ന് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. വിഷയം വീണ്ടും 13ന് പരിഗണിക്കാൻ മാറ്റി.
അതേസമയം, ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ അടിഞ്ഞ അവശിഷ്ടങ്ങൾ നീക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എം. കുര്യാക്കോസ് കോടതിയെ അറിയിച്ചു. കൂറ്റൻ മണ്ണുമാന്തികൾ അടക്കം വിന്യസിച്ചിട്ടുണ്ട്. ഇളകിനിൽക്കുന്ന മണ്ണും പാറയും മറ്റും മൺസൂണിൽ ഒഴുകിയിറങ്ങുന്നതോടെ സ്ഥലം കൂടുതൽ നന്നാക്കാനാകും. ഉരുൾപൊട്ടലിൽ ഇവിടുത്തെ അരുവിയുടെ ഗതി മാറിയിരുന്നു. ഇത് പരമാവധി നേർരേഖയിൽ ഒഴുക്കുന്നവിധം ക്രമീകരണങ്ങൾ ആലോചനയിലുണ്ട്.
കാലവർഷം പ്രതീക്ഷിച്ചതിലും 13 ദിവസം മുമ്പെത്തി. 100 വർഷത്തിന് ശേഷമാണ് മൺസൂൺ ഇങ്ങനെ നേരത്തെയാകുന്നത്. മഴക്കും കാറ്റിനും തീവ്രത കൂടി. എറണാകുളം ജില്ലയിലെ പിറവത്ത് കൊടുങ്കാറ്റിനേക്കാൾ തീവ്രമായ, മണിക്കൂറിൽ 73 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. ഈ സാഹചര്യത്തിൽ വയനാട്ടിലും നിരീക്ഷണം കർശനമാണ്. കലക്ടറുടെ നേതൃത്വത്തിൽ ദിവസവും അവലോകന യോഗം ചേരുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ, വയനാട്ടിലും ദേശീയപാതയിലുമടക്കം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.