തിരുവനന്തപുരം: നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളം കേന്ദ്രബജറ്റിനെ ഉറ്റുനോക്കുകയാണ്. ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളം പ്രതീക്ഷിക്കുന്നത് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ്. വയനാടിന് 2000 കോടി, വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി, വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടി, പ്രവാസി ക്ഷേമത്തിന് 300 കോടി, സ്‌കീം വർക്കേഴ്‌സ് കൂലി പുതുക്കി നിശ്‌ചയിക്കണം, ദേശീയപാതയ്‌ക്കായി ചെലവഴിച്ച 6000 കോടി കടമെടുക്കാൻ അനുവദിക്കണം എന്നിങ്ങനെ വിവിധ സുപ്രധാന ആവശ്യങ്ങൾ കേന്ദ്രത്തിന് മുൻപിൽ കേരളം അവതരിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ബജറ്റിൽ ആന്ധ്രപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇൗ അനുകൂല മനോഭാവം കേരളത്തോട് കാണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
റവന്യൂ ചെലവിന്റെ 63 ശതമാനം കേരളം സ്വന്തം വരുമാനത്തിൽനിന്നാണിപ്പോൾ കണ്ടെത്തുന്നത്. അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്. ചില സംസ്ഥാനങ്ങൾക്ക് 30 മുതൽ 40 ശതമാനംവരെ മാത്രമാണ് ചെലവിടേണ്ടി വരുന്നത്.
രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരിക്കയാണ്. വിഴിഞ്ഞത്തിനായി ഇതുവരെ ചെലവിട്ട 8500 കോടിയിൽ 5500 കോടിയും കേരളത്തിന്റേതാണ്. കേന്ദ്രം അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനം ചെലവിട്ട 6000 കോടിരൂപ കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യവും കേന്ദ്രത്തിനു മുന്നിലുണ്ട്.
പ്രവാസിക്ഷേമത്തിന് 300 കോടിരൂപയാണ് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ പ്രവാസികൾവഴി എത്തുന്ന വിദേശ നാണ്യത്തിന്റെ 21 ശതമാനവും മലയാളികളുടെ സംഭാവനയാണ്. ഈ സാഹചര്യത്തിലാണ് 300 കോടി ആവശ്യപ്പെട്ടത്. ചുരുക്കത്തിൽ കേരള സർക്കാറിന്റെ സുഗമമായ പോക്കിന് കേന്ദ്രബജറ്റിൽ അകമഴിഞ്ഞ സഹായം വേണം. കേരളത്തിലെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തിന് അർഹമായ പരിഗണന ലഭിക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.