‘റേഷന് പകരം പണം’ സംവിധാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണം -കെ. സുധാകരന്‍

തിരുവനന്തപുരം: റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. കേരളത്തിന്‍റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്‍റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണമായും സ്തംഭിക്കും.

90 ലക്ഷം കാര്‍ഡ് ഉടമകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകുന്നതിന് പകരം അനാവശ്യ വാശി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്‍റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും കെ. സുധാകരന്‍ പറഞ്ഞു.

അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Central and state governments should abandon the 'money instead of ration' system -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.