കൊച്ചി: ഗൾഫ് റൂട്ടിലെ വിമാന യാത്രാനിരക്ക് വർധനയുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിന്റെയടക്കം വിശദീകരണം തേടി.
ഉത്സവ സീസണുകളിലടക്കം പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വിമാനക്കൂലി കുത്തനെ കൂട്ടുന്നത് തടയാനും ന്യായമായ നിരക്ക് ഉറപ്പുവരുത്താനും മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഖത്തറിൽ പ്രവാസികളായ കൊണ്ടോട്ടി പള്ളിപ്പറമ്പിൽ മുഹമ്മദ് റഊഫ് അടക്കം മൂന്നുപേർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പുറമെ വ്യോമയാന ഡയറക്ടർ ജനറൽ, എയർ ഇന്ത്യ, എമിറേറ്റ്സ്, ഇൻഡിഗോ, സൗദി എയർലൈൻസ്, ഖത്തർ എയർലൈൻസ് തുടങ്ങിയവക്കാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹരജി വീണ്ടും സെപ്റ്റംബർ 15ന് പരിഗണിക്കും.അന്യായമായി നിരക്ക് വർധിപ്പിക്കുന്നത് നിയന്ത്രിക്കാൻ വ്യോമയാന വകുപ്പിന് അധികാരമില്ലെങ്കിലും നിരക്ക് വർധന നിരീക്ഷിക്കാനും നിർദേശങ്ങൾ നൽകാനുമാകുമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.