തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച വായ്പാതുക ചെലവഴിക്കുന്നതിനുള്ള സമയപരിധിയിൽ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാൻ സർക്കാർ ആലോചന. മൂലധന നിക്ഷേപ വായ്പ (കാപെക്സ്) ഇനത്തിൽ ലഭിച്ച 529.50 കോടി 2025 മാര്‍ച്ച് 31ന് മുമ്പ് ചെലവഴിക്കണമെന്നാണ് കേന്ദ്ര നിർദേശം.
ഇത്രയും തുക ഒന്നരമാസ സമയപരിധിയിൽ ചെലവിടലും പൂർത്തീകരണവും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കലും അപ്രായോഗികമായതിനാലാണ് സമയപരിധി നീട്ടുന്നതിന് കേന്ദ്രത്തെ സമീപിക്കുക. ഒന്നരമാസമെന്നത് വളരെ കുറഞ്ഞ സമയപരിധിയാണെന്ന് ബോധ്യമുണ്ടായിട്ടും എന്തുകൊണ്ട് നിബന്ധന ഉൾപ്പെടുത്തി എന്നതിൽ സംസ്ഥാന സർക്കാറിനും വ്യക്തതയില്ല.
പദ്ധതികൾ കൃത്യമായി നിർദേശിച്ചതിനാൽ വകമാറ്റാനും കഴിയില്ല. അങ്ങനെ വന്നാല്‍ വായ്പ വെട്ടിച്ചുരുക്കും. ആവര്‍ത്തന പദ്ധതികളും പാടില്ലെന്നും നിർദേശത്തില്‍ പറയുന്നു.
അതേസമയം ലഭിച്ച പണം ചെലവഴിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചർച്ച ചെയ്യാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കാനാണ് സർക്കാർ തീരുമാനം. ധനവകുപ്പ് വഴിയാണ് വായ്പ ഇടപാടെങ്കിലും റവന്യൂ-ദുരന്ത നിവവാരണ വകുപ്പുകൾ വഴിയാണ് നിർവഹണം. ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കുന്നത്. പ്രവർത്തനങ്ങൾ തുടങ്ങിവെച്ച ശേഷമാകും ഇളവ് തേടി കേന്ദ്രത്തെ സമീപിക്കുക.
529.50 കോടി രൂപയുടെ 16 പ്രവർത്തികൾ മരാമത്ത്, ജലസേചന വകുപ്പ്, ജല അതോറിറ്റി, കെ.എസ്.ഇ.ബി എന്നിങ്ങനെ നാല് നിർവഹണ ഏജൻസികളെ ചുമതലപ്പെടുത്തി നിർവഹിക്കാനാണ് കേന്ദ്ര നിർദേശം. ഇതിൽ ഏറ്റവും കൂടുതൽ പ്രവർത്തികളും വിഹിതവും മരാമത്ത് വകുപ്പിനാണ്. 13 പദ്ധതികളിലായി 428.5 കോടി രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.