സി.ബി.എസ്.ഇ സ്കൂൾ ഫീസ് ഡി.ഇ.ഒമാർ പരിശോധിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: സി.ബി.എസ്.ഇ സ്കൂൾ ഫീസ് സംബന്ധിച്ച് ഡി.ഇ.ഒമാർ പരിശോധിക്കുമെന്ന് സംസ്ഥാന സർക്കാർ. കേസ് പരിഗണിച്ച ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചിന് മുമ്പാകെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

അമിത ഫീസ് ഈടാക്കുന്നത് കണ്ടെത്തുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പുനൽകി. സി.ബി.എസ്.ഇ സ്കൂളുകൾ ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ പാടില്ലെന്ന നിലപാട് കോടതിയെ സർക്കാർ അറിയിച്ചു. 

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ അക്കാദമിക് വർഷം സിബി.എസ്.ഇ സ്കൂളുകൾ ചെലവിനെക്കാൾ കൂടുതൽ ഫീസ് ഈടാക്കരുതെന്ന സർക്കുലർ എങ്ങനെ നടപ്പാക്കുമെന്ന് അറിയിക്കണമെന്ന് ഹൈകോടതി ഡിസംബർ പത്തിന് കേസ് പരിഗണിക്കവെ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ രണ്ടിന് സർക്കുലർ പുറപ്പെടുവിച്ചെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

അധിക ഫീസ് ഈടാക്കുന്നുവെന്ന പരാതികൾ വിദ്യാഭ്യാസ വകുപ്പിലെ നിശ്ചിത അതോറിറ്റിക്ക് പരിശോധിക്കാൻ കഴിയുമോ എന്നും വരവും ചെലവും സംബന്ധിച്ച് സ്കൂളുകൾ നൽകിയിരുന്ന രേഖകൾ പരിശോധിക്കാൻ സാധിക്കുമോ എന്ന് അറിയിക്കാനും കോടതി നിർദേശിച്ചിരുന്നു. അന്ന് കേസ് പരിഗണിക്കവെ സി.ബി.എസ്.ഇയുടെ നിലപാട് തള്ളിയാണ് സർക്കാറിന് കോടതി നിർദേശം നൽകിയത്.

കോവിഡ് വ്യാപകമായിട്ടും അൺ എയ്ഡഡ് സ്കൂളുകൾ ഫീസ് കുറക്കാത്തത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് ഹൈകോടതി പരിഗണിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.