രസില വധം: സി.ബി.ഐ അന്വേഷണം  വേണമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: പുണെ ഇന്‍ഫോസിസ് ഐ.ടി പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ രസില രാജു കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബന്ധുക്കളും ലോക് ജനശക്തി പാര്‍ട്ടി ഭാരവാഹികളും വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ കേസന്വേഷിക്കുന്ന പുണെ പൊലീസില്‍നിന്ന് നീതികിട്ടുമെന്ന പ്രതീക്ഷയില്ലാത്തതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അടുത്തദിവസം നിവേദനം നല്‍കും. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ മുന്‍വൈരാഗ്യം വെച്ച് രസിലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇന്‍ഫോസിസ് അധികൃതരും പൊലീസും പറയുന്നത്. 
താടിയില്‍ അടിയേറ്റ പരിക്കും കഴുത്തില്‍ ടെലിഫോണ്‍ കേബിള്‍ വലിഞ്ഞുമുറുകി മുറിഞ്ഞ നിലയിലുമായിരുന്നു മൃതദേഹം. അതിനാല്‍തന്നെ ഒരാളാണ് കൊലക്കുപിന്നിലെന്ന് കരുതുന്നില്ല. വലിയ സുരക്ഷയുള്ള മേഖലയില്‍ കൊലപാതകം നടന്നതും മൃതദേഹം കാണപ്പെട്ട കോണ്‍ഫറന്‍സ് ഹാളിലെ സി.സി.ടി.വി കാമറകള്‍ മാത്രം പ്രവര്‍ത്തനരഹിതമായതുമെല്ലാം ദുരൂഹമാണ്. മൃതദേഹം ബന്ധുക്കളെ കാണിക്കുന്നതിന്മുമ്പ് സ്വകാര്യ ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്താനാണ് ഇന്‍ഫോസിസ് അധികൃതര്‍ ശ്രമിച്ചത്. സ്ഥാപനത്തിലെ ഒരു മാനേജര്‍ക്കെതിരെ രസില ബന്ധുക്കളോട് പരാതി പറഞ്ഞിരുന്നു. 

അനാവശ്യമായി അവധി നിഷേധിക്കുന്നു, ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നു എന്നിങ്ങനെയുള്ള പരാതികളാണ് രസില പറഞ്ഞതെന്ന് സഹോദരന്‍ ലിജിന്‍കുമാറും അമ്മാവന്‍ എന്‍.പി. സുരേഷും പറഞ്ഞു. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ വക്കില്‍തന്നെ ഈ കേസിലും പ്രതിക്കുവേണ്ടി ഹാജരാകുന്നത് സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടും കേസും  സി.ബി.ഐക്ക് വിടണം. ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് എം. മെഹബൂബ്, അബ്ദുല്‍ മജീദ്, മോഹന്‍, മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - cbi probe demands in rasila murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.