അസ്ലം വധം: സി.ബി.ഐ അന്വേഷണത്തിന് ലീഗില്‍ സമ്മര്‍ദമേറുന്നു

നാദാപുരം: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വെട്ടി കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെടാന്‍ ബന്ധുക്കള്‍ ലീഗില്‍ സമ്മര്‍ദം തുടങ്ങി. അസ്ലം കൊല്ലപ്പെട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും പ്രധാന പ്രതികള്‍ ഒളിവില്‍ കഴിയുകയും പിടിയിലായവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തതോടെയാണിത്. സി.ബി.ഐക്ക് കേസ് കൈമാറാന്‍ കോടതിയെ സമീപിക്കണമെന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്. സി.ബി.ഐ അന്വേഷണം വേണ്ട എന്ന നിലപാടാണ് തുടക്കത്തിലെ ലീഗ് ഉയര്‍ത്തിയത്. കേസിലുള്‍പ്പെട്ട 11 സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. രണ്ട് പേരൊഴികെ ബാക്കിയുള്ളവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. പൊലീസ് പ്രതികളെ പിടികൂടാതെ നീട്ടിക്കൊണ്ടു പോയതിനാലും 90 ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനാലുമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തില്‍ നേരിട്ട് പങ്കാളികളായ രണ്ട് പ്രതികള്‍ കണ്ണൂര്‍ ജില്ലയിലുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, വധക്കേസിലെ പ്രധാന ദൃക്സാക്ഷികളായ രണ്ട് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ വിദേശത്തേക്ക് പോയതിനാല്‍ രണ്ട് പ്രധാന പ്രതികളുടെ തിരിച്ചറിയല്‍പരേഡിന് എത്തിയിരുന്നില്ല. ഇത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ലീഗ് നേതൃത്വത്തെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്.
 
Tags:    
News Summary - cbi probe in aslam murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.