കോട്ടയം: പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജിന്റെ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ പി.സി. ജോർജ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും സഭയെയും സഭാനേതൃത്വത്തെയും താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സംഘടന കുറ്റപ്പെടുത്തി.
സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സഭയെ ഉപയോഗിക്കുകയും പിന്നീട് അതേ സഭയെ തന്നെ അധിക്ഷേപിക്കുകയും ചെയ്യുന്ന ജോർജിന്റെ ശൈലി അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൂഞ്ഞാറിൽ യു.ഡി.എഫിന് വോട്ടുചെയ്യാൻ മെത്രാൻമാർ പറഞ്ഞതായി ആരോപിച്ച ജോർജ്, എന്ത് കിട്ടിയിട്ടാണ് സഭ ഇങ്ങനെ വൃത്തികെട്ട പണി ചെയ്യുന്നതെന്നും നാണം കെട്ടവന്മാരായ ഈ സഭയെ തള്ളിപ്പറയേണ്ടി വരുമെന്നും വിമർശിച്ചിരുന്നു. താൻ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നാലെയാണ് ജോർജിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ കോൺഗ്രസ് പ്രസ്താവന ഇറക്കിയത്. രാഷ്ട്രീയ പ്രവര്‍ത്തനം ആര്‍ക്കുമെതിരെ എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ല. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ തികച്ചും വ്യാജ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിളിച്ചുപറഞ്ഞ പി.സി. ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയമാണ്. അവസരവാദപരമായി തന്റെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കുമനുസരിച്ച് സഭയെ താറടിച്ചുകാണിക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പത്രക്കാര്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണ്. സഭയുടെ ഉടമസ്ഥാവകാശം തന്റേതെന്ന മട്ടിലാണ് സംസാരരീതി. ഇത് നീതിക്ക് നിരക്കുന്നതല്ല. പി.സി. ജോര്‍ജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേടാണ്. മാന്യതയുള്ള രാഷ്ട്രീയക്കാര്‍ക്ക് മുഴുവന്‍ നാണക്കേടാണ്. ഇനിയും ഇത് തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.
മകൻ ഷോൺ ജോർജിന് പിന്നാലെയാണ് ക്രൈസ്തവ സഭകളെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും പി.സി. ജോർജും രംഗത്തുവന്നത്. ‘ഷോൺ എന്റെ മകനാണ്. മനസ്സിലായില്ലേ? അവൻ സത്യം പറഞ്ഞു പഠിക്കേണ്ടവനാണ്. സത്യമേ പറയൂ. സഭയുമല്ല, ഒന്നുമല്ല, ഏതാണോ സത്യം അത് പറയും. ഈ സഭ എന്താ ഇപ്പോഴും ഇങ്ങനെ ആകുന്നേ? ഞാൻ ഷോൺ പറഞ്ഞതിൽ ഇച്ചിരി കൂട്ടി പറയുകയാ. നമ്മുടെ കാഞ്ഞിരപ്പള്ളി ബിഷപ്പ്, അയാളൊരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷെ അയാൾ മഠങ്ങളിൽ എല്ലാം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദയാണോ കാണിച്ചത്? അത് പറയാൻ അയാൾക്ക് എന്താ അവകാശം? ഈ സഭ എന്ന് പറഞ്ഞാൽ യുഡിഎഫ് ആണോയെന്നും ജോർജ് ചോദിച്ചിരുന്നു.
നേരത്തെ, പാലായിലെ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ ഷോൺ ജോർജും സഭയെ വെല്ലുവിളിച്ചിരുന്നു. കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും മുഖപത്രമായ ‘ദീപിക’യും ബി.ജെ.പിക്ക് എതിരായി നിലപാടെടുത്തെന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ കുറ്റപ്പെടുത്തി.
എഫ്.സി.ആർ.എ ബില്ല് മാറ്റിവെച്ചത് തങ്ങളുടെ സമ്മർദ്ധപ്രകാരമായിരുന്നു. സഭക്ക് തങ്ങളെ വേണ്ടെങ്കിൽ സഭയെയും വേണ്ടെന്ന് വെക്കേണ്ടി വരുമെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.