ഐ.എസ് കേസ്: ഹനീഫിന് ജാമ്യം

മുംബൈ: യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ മുംബൈ പൊലീസ് അറസ്റ്റ്ചെയ്ത വയനാട്, കമ്പളക്കാട് സ്വദേശി ഹനീഫിന് ജാമ്യം. അറസ്റ്റ് നടന്ന് ആറ് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രത്യേക കോടതി ജഡ്ജി വി.വി പാട്ടീലാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 15,000 രൂപ കെട്ടിവെക്കണം. നഗരത്തിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ഹനീഫ് ശനിയാഴ്ച രാവിലെ പുറത്തിറങ്ങുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. സി.ആര്‍.പി.സി 167 (2) പ്രകാരം നിശ്ചിത സമയത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തപക്ഷം പ്രതി ജാമ്യം അര്‍ഹിക്കുന്നതായ അഭിഭാഷകന്‍ ശരീഫ് ശൈഖിന്‍െറ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മകോക, യു.എ.പി.എ നിയമങ്ങള്‍ പ്രകാരം 180 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. ഹനീഫ് അറസ്റ്റിലായിട്ട് വ്യാഴാഴ്ച 180 ദിവസം തികഞ്ഞു. 

ഹനീഫ് മതപ്രചാരകന്‍ മാത്രമാണെന്നും കണ്ടെടുത്ത വാട്സ്ആപ് സന്ദേശങ്ങളും വിഡിയോ ക്ളിപ്പുകളും മതപ്രചാരണവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. കാസര്‍കോട്, പടന്ന സ്വദേശി അഷ്ഫാഖ്, ഭാര്യ, കുഞ്ഞുമടക്കം 21 പേരെ കേരളത്തില്‍നിന്ന് കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് ഹനീഫ് അറസ്റ്റിലായത്. അഷ്ഫാഖിന്‍െറ പിതാവ് മുംബൈയില്‍ ലോഡ്ജ് നടത്തുന്ന അബ്ദുല്‍ മജീദിന്‍െറ പരാതിയിലാണ് കേസ്. മുംബൈ പൊലീസിന്‍െറ സമ്മര്‍ദത്തിന് വഴങ്ങിയാണ് പരാതിയില്‍ ഒപ്പിട്ടതെന്ന് രണ്ടുമാസം മുമ്പ് അബ്ദുല്‍ മജീദ് വെളിപ്പെടുത്തിയിരുന്നു. മകനെ സുന്നി ആശയത്തില്‍നിന്ന് സലഫിസത്തിലേക്ക് മാറ്റിയതില്‍ ഹനീഫിന്‍െറ പങ്കിനെക്കുറിച്ച് നല്‍കിയ മൊഴി പിന്നീട് പൊലീസ് പരാതിയാക്കി മാറ്റുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍െറ ആക്ഷേപം.
 

Tags:    
News Summary - IS case: haneef get bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.