മോൻസണെതിരെ പീഡന പരാതി നൽകിയ പെൺകുട്ടിയെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഡോക്ടർമാർക്കെതിരെ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരെ പോക്സോ വകുപ്പ് പ്രകാരം പീഡന പരാതി നൽകിയ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഡോക്ടർമാർക്കെതിരെ കേസെടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് പെൺകുട്ടിയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്. പെൺകുട്ടി വൈദ്യപരിശോധനക്കെത്തിയപ്പോഴായിരുന്നു ഡോക്ടർമാർ ഭീഷണിപ്പെടുത്തിയത്.

മോൻസണെതിരെയും മേക്കപ്പ് മാൻ ജോഷിക്കെതിരെയും പെൺകുട്ടി പീഡന പരാതി നൽകിയിരുന്നു. മോന്‍സന്‍റെ കേസില്‍ നേരത്തെ വൈദ്യ പരിശോധന കഴിഞ്ഞതാണ്. മേക്കപ്പ് മാൻ ജോഷിക്കെതിരായ കേസിൽ പരിശോധന നടത്താന്‍ പൊലീസ് ആദ്യം ആലുവ താലൂക്ക് ആശുപത്രിയിലും, അവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ കളമശേരി മെഡിക്കല്‍ കോളജിലും എത്തുകയായിരുന്നു.

ഒരു മണിക്ക് ആശുപത്രിയിലെത്തിയിട്ടും രണ്ടേകാൽ വരെ ഒരു പരിശോധനയും നടത്തിയില്ല. മൂന്നുമണിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ എത്തേണ്ടതായിരുന്നു. എന്നാൽ, മൂന്നുമണിയോടെ ഡോക്ടര്‍മാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ഇതിനിടെ ബന്ധു എത്തി കോടതിയിൽ പോകേണ്ട കാര്യം ഓർമിപ്പിച്ചപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെണ്‍കുട്ടി പറയുന്നു. വാതിൽ തള്ളിത്തുറന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടാണ് പിന്നീട് മജിസ്ട്രേറ്റിന് മുന്നിലെത്തിയത്. മജിസ്ട്രറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിൽ പിന്നീട് മെഡിക്കല്‍ പരിശോധന നടത്തി.

പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡനം നടന്നു. ഈ സാഹചര്യത്തിലാണ് മോൻസനെതിരെയും പോക്‌സോ കേസ് ചുമത്തിയത്. മോന്‍സണെ ഭയന്നിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.


Tags:    
News Summary - case against the doctors who threatened the girl who filed complaint against Monson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.