ന്യൂഡൽഹി: കടക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിൽ യൂട്യൂബർ സൂരജ് പാലാക്കാരനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി.
വീണ്ടും ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീതോടെയാണ് തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കിയത്. ഇരയെ മനപൂർവ്വം നാണം കെടുത്താനല്ല ശ്രമിച്ചതെന്നുകാണിച്ച് യൂട്യൂബർ മാപ്പ് അപേക്ഷ നൽകിയതോടെയാണ് നടപടി ഉണ്ടായത്.
പൊലീസ് സ്റ്റേഷനിലും വിചാരണകോടതിയിലും മാപ്പ് അപേക്ഷ നൽകണം. കേസിലെ നടപടികൾ സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്തുതരം ഭാഷയാണ് സൂരജ് പാലാക്കാരൻ യൂട്യൂബിൽ ഉപയോഗിക്കുന്നതെന്ന് നേരത്തെ കോടതി ചോദിക്കുകയുണ്ടായി.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹരജി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിക്കൊണ്ടാണ് ഡിസംബര്‍ 15 വരെ റിമാന്‍ഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി. ജയിലില്‍ നിരാഹാരമിരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരിയെ തിരിച്ചറിയുന്നതരത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് രാഹുല്‍ ഈശ്വറിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയെ മോശമാക്കുന്ന രീതിയില്‍ രാഹുല്‍ പ്രവര്‍ത്തിച്ചെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിയുടെ ചിത്രം രാഹുലിന്‍റെ ലാപ്‌ടോപ്പിലുണ്ടെന്നും രാഹുലിന്‍റ വിഡിയോ യുവതിയെ അപമാനിക്കുംവിധമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ബോധിപ്പിച്ചു. രാഹുൽ ഈശ്വർ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകള്‍ പരിശോധിച്ചശേഷമാണ് കോടതി റിമാന്‍ഡിന് ഉത്തരവിട്ടത്.
പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങളടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച പൗഡിക്കോണത്തെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വീട്ടിൽനിന്ന് രാഹുലിന്‍റെ ലാപ് ടോപ് പിടിച്ചെടുത്തു. രാഹുലിനൊപ്പം പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രജിത പുളിക്കൻ, സുപ്രീംകോടതി അഭിഭാഷക ദീപ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാൻ സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റിട്ടവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കംചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ ഈശ്വർ റിമാൻഡിലായതിന് പിന്നാലെ മുൻകൂർ ജാമ്യപേക്ഷ നൽകി കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കേസിൽ നാലാം പ്രതിയായ സന്ദീപ് വാര്യർ തിങ്കളാഴ്ച തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വർഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു അതിജീവിതക്കെതിരായ അധിക്ഷേപം കൂടുതലും. തുടർന്ന് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.