വയോധികയോട് അപമര്യാദയായി പെരുമാറിയ ധർമടം സി.ഐക്കെതിരെ കേസ്; സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയില്ല

തലശ്ശേരി: മകനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയ വയോധികയായ മാതാവിനോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ധർമടം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വി. സ്മിതേഷിനെതിരെയാണ് കേസെടുത്തത്. തടഞ്ഞുവെക്കൽ, കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കൽ, വടി കൊണ്ടോ കമ്പി കൊണ്ടോ അടിച്ച് പരിക്കേൽപ്പിക്കൽ, നാശനഷ്ടം ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, വയോധികയെ അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തണമെന്ന പരാതിക്കാരന്‍റെ ആവശ്യം പൊലീസ് അംഗീകരിച്ചിട്ടില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് സുനിൽകുമാർ വ്യക്തമാക്കി. 

ധർമടം പൊലീസ് സ്റ്റേഷനിൽവെച്ച് സ്റ്റേഷൻ ഹൗസ് ഓഫിസറിൽ നിന്നുള്ള അസഭ്യവർഷവും അക്രമവും ചൂണ്ടിക്കാട്ടി മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസില്‍ കെ. സുനിൽകുമാർ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കെ.വി. സ്മിതേഷിനെ കഴിഞ്ഞ ദിവസം ഉത്തര മേഖല ഐ.ജി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സർവീസിൽ സ്മിതേഷിന് ലഭിക്കുന്ന നാലാമത്തെ സസ്പെൻഷനാണിത്.

മുമ്പ് ജോലി ചെയ്ത് പൊലീസ് സ്റ്റേഷനുകളിലും സമാനമായ പെരുമാറ്റം സ്മിതേഷിൽ നിന്ന് ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ മദ്യപാനവും തുടന്നുള്ള പ്രശ്നങ്ങളും ഇതിന് കാരണങ്ങളാണ്. പിതാവിന്‍റെ മരണത്തെ തുടർന്നാണ് സ്മിതേഷിനെ പൊലീസിൽ ജോലി നൽകിയത്. അന്ന് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ ഇയാളുടെ മദ്യപാനം സംബന്ധിച്ച ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിക്കാതെയാണ് ജോലി നൽകിയത്.

വിഷു ദിവസമായ ശനിയാഴ്ച രാത്രിയാണ് ധർമടം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നാടകീയ സംഭവങ്ങൾ നടന്നത്. മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസിൽ കെ. സുനിൽകുമാറും കുടുംബവുമാണ് അതിക്രമത്തിനിരയായത്. മകനെ കാണാൻ സ്റ്റേഷനിലെത്തിയ മാതാവും സഹോദരങ്ങളും സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തെ ഗ്ലാസും അടിച്ചു തകർക്കുകയുണ്ടായി.

ഇൻസ്പെക്ടറുടെ പരാക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടീഷർട്ടും മുണ്ടും ധരിച്ച ഇൻസ്പെക്ടർ കൈയിൽ ലാത്തിയുമായി ആക്രോശിക്കുന്നതും ഇവരുടെ കൂടെയുള്ള യുവാവിനെ മർദിക്കുന്നതും ദൃശ്യത്തിലുണ്ട്. നിലത്തുവീണ വയോധികയെ എഴുന്നേൽപിക്കാൻ വനിത പൊലീസും ബന്ധുക്കളും ശ്രമിക്കുന്നതും ഇൻസ്പെക്ടർ ഇവർക്കുനേരെ കയർക്കുന്നതും കാണാം. ഇൻസ്പെക്ടറുടെ പരാക്രമങ്ങൾ തടയാൻ ശ്രമിക്കുന്ന വനിത പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ദൃശ്യങ്ങളിൽ കാണാം.

മദ്യപിച്ച് വാഹനമോടിച്ചതിനാണ് സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ജാമ്യംപോലും രേഖപ്പെടുത്താതെയാണ് രാത്രി വൈകി അദ്ദേഹത്തെ വിട്ടയച്ചത്. വിട്ടയച്ചതിനുശേഷം തലശ്ശേരി എ.എസ്.പി ഓഫിസിലെത്തി സുനിൽകുമാറും കുടുംബവും മൊഴി നൽകിയിരുന്നു. കൂത്തുപറമ്പ് എ.സി.പിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇൻസ്പെക്ടർ സ്മിതേഷ് മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടു. ഇൻസ്പെക്ടറുടെ ആക്രമണം സംബന്ധിച്ച് കുടുംബം തലശ്ശേരി എ.എസ്.പി അരുണ്‍ കെ. പവിത്രന് പരാതി നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - Case against Dharmadam CI for misbehaving with elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.