ബി.ജെ.പി കൊടിവെച്ച കാറുകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ചെന്ന്; കൊൽക്കത്തയിൽ തൃണമൂൽ പ്രതിഷേധം

കൊൽക്കത്ത: ബി.ജെ.പി കൊടിവെച്ച കാറുകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ചെന്ന് ആരോപിച്ച് കൊൽക്കത്തയിൽ സ്ട്രോങ് റൂമിന് പുറത്ത് തൃണമൂൽ കോൺഗ്രസ് പ്രതിഷേധം. കേന്ദ്രസേന പരിശോധന കൂടാതെ കാറുകൾ കടത്തിവിട്ടെന്നും ആരോപിച്ചാണ് പ്രതിഷേധം. മുഖ്യമന്ത്രി മമതാ ബാനർജിയും ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് മുന്നിലാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം.

സംശയാസ്പദമായ വാഹനത്തെ നിയന്ത്രണ മേഖലയിലേക്ക് കടത്തിവിട്ടതായി ടി.എം.സി പ്രവർത്തകർ ആരോപിച്ചു. ഇതിനെ എതിർത്ത തങ്ങളെ സുരക്ഷാ സേന സ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്റർ പിന്നിലേക്ക് തള്ളിമാറ്റിയതായും അവർ ആരോപിച്ചു. വാഹനം നീക്കം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞെങ്കിലും, അത് കുറച്ചുനേരം പാർക്ക് ചെയ്തതായും തൃണമൂൽ പ്രവർത്തകർ ആരോപിച്ചു. എന്നാൽ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിഷേധിച്ചു. വാഹനം ഹരീഷ് മുഖർജി റോഡിലൂടെ കടന്നുപോയി എന്നും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നുമായിരുന്നു കമ്മീഷന്റെ വിശദീകരണം. അതേസമയം, ബംഗാളിലെ ഫാൽതാ മണ്ഡലത്തിലെ 285 ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ്ങിന് ഉത്തരവിട്ടത് വ്യാപക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്. മേയ് 21ന് റീപോളിങ് നടത്തി മേയ് 24ന് ഫലം പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്.

ഫാൽതായിൽ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി പറയുന്നുണ്ട്. പലവിധത്തിലുള്ള ക്രമക്കേടുകളും അട്ടിമറികളും ബൂത്ത് പിടിത്തവും ഫാൽതായിൽ നടന്നതായാണ് പറയുന്നത്. ബൂത്തുകൾ കൈയടക്കി വോട്ടർമാരെ പ്രവേശിക്കുന്നത് തടഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കണ്ടെത്തൽ.

ഇന്നലെ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിങ് നടന്നിരുന്നു. മഗ്രഹാത്ത് വെസ്റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ നാല് ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. എല്ലാം സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബൂത്തുകളാണ്. ഏപ്രിൽ 29ന് രണ്ടാം ഘട്ടത്തിൽ നടന്ന വോട്ടിങ്ങിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു റീപോളിങ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.