എം.എസ്.എഫിനെതിരെ വർഗീയ ചാപ്പയുമായി കെ.എസ്.യു വിജയാഹ്ലാദ പ്രകടനം; ടി.സിദ്ദീഖും ഐ.സി ബാലകൃഷ്ണനും നിയമസഭ കാണാമെന്ന് മോഹിക്കേണ്ടെന്ന് എം.എസ്.എഫ്

കൊടുവള്ളി/ കൽപറ്റ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ വിവിധ സ്ഥലങ്ങളിൽ തമ്മിലടിച്ച് യു.ഡി.എഫ് വിദ്യാർഥി സംഘടനയായ കെ.എസ്.യുവും എം.എസ്.എഫും. വിജയത്തിന് പിന്നാലെ എം.എസ്.എഫിനെതിരെ വർഗീയ അധിക്ഷേപമടങ്ങിയ ബാനറുമായി കെ.എസ്.യു നടത്തിയ പ്രകടനം വിവാദമായി. എം.എസ്.എഫിന്റെ കുത്തകയായിരുന്ന കൊടുവള്ളി കെ.എം.ഒ കോളജ് യൂനിയന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ‘എം.എസ്.എഫ്. തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായി കെ.എസ്.യു ആഹ്ലാദ പ്രകടനം നടത്തിയത്.

ലീഗിന് ശക്തമായ വേരോട്ടമുള്ള കൊടുവള്ളിയിലെ കെ.എം.ഒ കോളജില്‍ വര്‍ഷങ്ങളായി എം.എസ്.എഫായിരുന്നു യൂണിയന്‍ ഭരിച്ചിരുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ എംഎസ്എഫ്- കെഎസ്‌യു തമ്മിലായിരുന്നു മത്സരം. ജനറൽ സീറ്റുകളിൽ എട്ടും കെഎസ്‌യു വിജയിച്ചു.


അതിനിടെ, മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ എംഎൽഎമാർക്ക് എതിരെ ബാനറുമായി എം.എസ്.എഫ് രംഗത്തെത്തി. ടി. സിദ്ദീഖിനും ഐ.സി. ബാലകൃഷ്ണനും എതിരെയാണ് ബാനർ ഉയർത്തിയത്. ‘‘കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയി​ല്ലേൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട’’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് എം.എസ്.എഫ് പ്രകടനം നടത്തിയത്. മുട്ടിൽ കോളജിൽ എം.എസ്.എഫ് ആണ് വിജയിച്ചത്. മറ്റു കോളജുകളിൽ മുന്നണി ധാരണ ലംഘിച്ച് എംഎസ്എഫ് സ്ഥാനാർഥികളെ കെഎസ്‌യു പരാജയപ്പെടുത്തിയെന്നാണ് ആക്ഷേപം.


കാലിക്കറ്റ് സര്‍വകലാശാല കോളജുകളില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ വിവിധ ഇടങ്ങളില്‍ കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലും വടകര കുരിക്കിലാട് കോ-ഓപ്പറേറ്റീവ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലും സംഘർഷം ഉടലെടുത്തിരുന്നു. 

Tags:    
News Summary - calicut university students union election 2025 msf ksu clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.