തിരുവനന്തപുരം: കോക്രോച്ച് ജനത പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന് കുട്ടികൾ നല്ല മുഖം അടിച്ചു കൊടുത്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ‘വി.സി നാണം കെട്ടല്ലോ.. നാണം കെട്ടു എന്ന് മാത്രമല്ല കുട്ടികൾ നല്ല മുഖം അടിച്ചു കൊടുത്തു. അങ്ങനെ വേണം പറയാൻ’ -സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.
‘കേരളത്തിൽ പലരും ആഗ്രഹിക്കുന്ന പ്രതികരണമാണ് കുട്ടികൾ അവിടെ നൽകിയത്. അത് അദ്ദേഹത്തിന് മനസ്സിലായോ എന്നറിയില്ല. മനസ്സിലാവാൻ സാധ്യതയില്ല. അതിനുള്ള കേവല ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ പണ്ടേക്കും പണ്ടേ ഇതൊക്കെ രാജിവെച്ച് പോകേണ്ട സമയം കഴിഞ്ഞു. കേരളത്തിലെ മുഴുവൻ മനുഷ്യരും ഇന്ന് അദ്ദേഹത്തിന് എതിരാണ് എന്ന് അദ്ദേഹം തിരിച്ചറിയണം. ചിലപ്പോൾ വീട്ടിലുള്ള ആളുകളോട് ചോദിച്ചാൽ അവരും ചിലപ്പോൾ ഈ കാണിക്കുന്നതിനൊക്കെ കൃത്യമായി മറുപടി പറയും. യുവാക്കളൊക്കെ വീട്ടിൽ ഉണ്ടെങ്കിൽ പ്രത്യേകിച്ചും’ -സഞ്ജീവ് പറഞ്ഞു.
ഇന്നലെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് കോക്രോച്ച് ജനതാ പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച് കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ സ്വയം അപഹാസ്യനായത്. ‘നിങ്ങൾ പാറ്റകളല്ലെന്ന് ഒന്ന് ഉറക്കെ പറഞ്ഞേ’ -എന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടെങ്കിലും ആരും പ്രതികരിക്കാതിരിക്കുകയായിരുന്നു.
‘പാറ്റ അല്ല എന്ന് പറയുന്നവർ അല്ല എന്നൊന്ന് ഉറച്ചു പറഞ്ഞേ. നിങ്ങൾ പാറ്റയോ കോക്രോച്ചോ അല്ല എന്നുള്ളവർ ഒന്ന് ഉറച്ചു പറഞ്ഞേ. എല്ലാവരും കൂടെ ഉറച്ചു പറഞ്ഞേ.. എല്ലാവരും കൂടെ ഒന്ന് പറഞ്ഞേ അല്ല എന്ന്’ -എന്ന് മോഹനൻ കുന്നുമ്മൽ ആവർത്തിച്ചെങ്കിലും നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ആകെ ഒന്നോ രണ്ടോ പേർ മാത്രമാണ് അല്ല എന്ന് മറുപടി പറഞ്ഞത്.
ഇതോടെ, ‘ഉച്ചക്ക് ഭക്ഷണം കഴിച്ചില്ലേ? ചായ കിട്ടിയില്ലേ’ എന്നായി വി.സിയുടെ ചോദ്യം. ‘നിങ്ങൾ ഈ രാജ്യത്തിന്റെ കരുത്തരായ സിംഹങ്ങളാണ്, ദുർഗ്ഗാദേവികളാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന നാളുകൾ മികവിന്റെതാണ്. നിങ്ങൾ ലോകത്തിന്റെ ഏറ്റവും മുന്നിൽ നിൽക്കും. അതിന് നിങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കണം. ഏത് കോഴ്സ് പഠിക്കണമെന്ന് നിങ്ങളുടെ അയൽവാസി പറയും, അച്ഛൻ പറയും, ടീച്ചർ പറയും. പക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കോഴ്സ് ഏതാണോ അതാണ് നിങ്ങൾ പഠിക്കേണ്ടത്’ -മോഹനൻ കുന്നുമ്മൽ പറഞ്ഞു.
കഴിഞ്ഞദിവസം വന്ദേമാതരത്തെ എതിർക്കുന്നവർക്കെതിരെയും സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ സംവിധാനത്തിനെതിരെയും മോഹനൻ കുന്നുമ്മൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആർ.എസ്.എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച 'സങ്കൽപ്പ് 2026' പരിപാടിയിൽ മുഖ്യപ്രഭാഷകനായി സംസാരിക്കവെയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.
ഭാരതഭൂമിയെ മാതാവായി കണ്ട് ആരാധിക്കുന്ന സംസ്കാരമാണ് നമ്മുടേതെന്നും വന്ദേമാതരം ആലപിക്കുന്നത് മാതൃഭൂമിയോടുള്ള ആദരസൂചകമായാണെന്നും വി.സി. പറഞ്ഞു. അമ്മയെക്കുറിച്ച് അറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചുപറയും. എന്നാൽ അമ്മ എന്താണെന്നോ ആരാണെന്നോ അറിയാത്തവരാണ് ഇതിനെ എതിർത്തു സംസാരിക്കുന്നത്. നിലവിൽ ഇതിനെ എതിർക്കുന്നവരുടെ മനോഭാവത്തിൽ വരുംദിവസങ്ങളിൽ മാറ്റം വരുമെന്നും രാജ്യം ആ മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.