കാലിക്കറ്റ് പ്രസ്ക്ലബിന്റെ മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള മുഷ്താഖ് അവാർഡ് മാധ്യമം സീനിയർ കറസ്പോണ്ടൻറ് സി.പി. ബിനീഷും മികച്ച പേജ് രൂപകൽപനക്കുള്ള തെരുവത്ത് രാമൻ അവാർഡ് മാധ്യമം ചീഫ് സബ് എഡിറ്റർ എ.ടി. മൻസൂറിന് വേണ്ടി മകൾ അയിഷയും മന്ത്രി പി.എ. മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങുന്നു
കോഴിക്കോട്: റോഡ് നിർമിച്ചാൽ നിശ്ചിത കാലയളവിൽ അതിെൻറ അറ്റകുറ്റപ്പണി നടത്താൻ ഉത്തരവാദിത്തമുള്ള കരാറുകാരെൻറയും ഉദ്യോഗസ്ഥെൻറയും പേരുവിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാനാകും വിധം റോഡുകളിൽ പ്രദർശിപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണി നടത്തേണ്ട കാലാവധി (ഡി.എൽ.പി) അവസാനിച്ച റോഡുകൾ താമസമില്ലാതെ പുനർനിർമാണം നടത്താൻ സംവിധാനം ഒരുക്കും. ഇക്കാര്യത്തിൽ കാവലാളായി പ്രവർത്തിക്കാൻ മാധ്യമങ്ങൾക്കാകണമെന്നും മന്ത്രി പറഞ്ഞു.
കാലിക്കറ്റ് പ്രസ്ക്ലബിെൻറ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ ജനാധിപത്യത്തിെൻറ കാവലാളാണെന്നത് വെറും വാക്കല്ല. മാധ്യമങ്ങൾ തിരുത്തൽ ശക്തിയാകേണ്ടത് അനിവാര്യതയാണ്. അതേസമയം, വിമർശനം ക്രിയാത്മകമല്ലെങ്കിൽ യഥാർഥ വിഷയം വഴിമാറിപ്പോകുമെന്ന് മാധ്യമ പ്രവർത്തകർ ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മികച്ച സ്പോർട്സ് റിപ്പോർട്ടിംഗിനുള്ള മുഷ്താഖ് അവാർഡ് സി.പി. ബിനീഷ് (സീനിയർ കറസ്പോണ്ടൻറ് മാധ്യമം -2019), തോമസ് വർഗീസ് (സീനിയർ റിപ്പോർട്ടർ, ദീപിക -2020), മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമൻ അവാർഡ് സെർജി ആൻറണി (അസോ. എഡിറ്റർ ദീപിക -2019 ), മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ള പി. ഉണ്ണികൃഷ്ണൻ അവാർഡ് എസ്. മഹേഷ് കുമാർ (സീനിയർ കറസ്പോണ്ടൻറ്, മനോരമ ന്യൂസ് -2019), മിഥുൻ സുധാകർ ( റിപ്പോർട്ടർ മാതൃഭൂമി ന്യൂസ്-2020), മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫിക്കുള്ള മുഷ്താഖ് ഫോട്ടോഗ്രാഫി അവാർഡ് ദീപപ്രസാദ് (സീനിയർ ഫോട്ടോഗ്രാഫർ, ടൈംസ് ഒാഫ് ഇന്ത്യ -2019 ) എന്നിവർ ഏറ്റുവാങ്ങി. മികച്ച പേജ് രൂപകൽപനക്കുള്ള തെരുവത്ത് രാമൻ അവാർഡ് എ.ടി. മൻസൂറിനുവേണ്ടി (ചീഫ് സബ് എഡിറ്റർ മാധ്യമം -2020) അദ്ദേഹത്തിെൻറ മകൾ അയിഷ ഏറ്റുവാങ്ങി.
പ്രസ് ക്ലബ്ബ് പ്രസിഡൻറ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ട്രഷറർ ഇ.പി.മുഹമ്മദ് നന്ദിയും പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. കുട്ടൻ, കെ.ഡി.എഫ്.എ. പ്രസിഡൻറ് പി. രഘുനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.