ഫ്രാങ്കോ മുളക്കലിന്‍റെ ചിത്രം ഉൾപ്പെടുത്തി കലണ്ടർ; കലണ്ടർ കത്തിച്ച് വിശ്വാസികൾ

തൃശൂർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ചിത്രം ഉൾപ്പെടുത്തി തൃശൂർ അതിരൂപത കലണ്ടർ ഇറക്കിയതിൽ വിശ്വാസികളുടെ പ്രതിഷേധം. 2021ലെ കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കോട്ടയത്തും കൊല്ലത്തും വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. എന്നാൽ ബിഷപ്പായ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്ന് തൃശൂർ അതിരൂപതയുടെ വിശദീകരണം.

ഫ്രാങ്കോയുടെ ജന്‍മദിനമായ മാർച്ച് 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ചിത്രം ഇടം നേടിയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

കൊല്ലം ചിന്നക്കടയിലും ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെങ്കിലും ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്ത് തുടരുന്നുണ്ടെന്നും കുറ്റങ്ങൾ തെളിഞ്ഞിട്ടില്ലെന്നുമാണ് തൃശൂർ അതിരൂപത നൽകുന്ന വിശദീകരണം. കഴിഞ്ഞ വർഷവും ഫ്രാങ്കോ മുളക്കലിന്‍റെ ചിത്രം ഉൾപ്പെടുത്തി കലണ്ടര്‍ ഇറക്കിയിരുന്നു. ഇതിനെതിരെയും പ്രതിഷേധമുയർന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.