പ്ലാന്റേഷൻ കോർപറേഷന്റെ ഡയറി ഫാമിന് പാഴാക്കിയത് 5.54 കോടിയെന്ന് സി.എ.ജി

കോഴിക്കോട്: പ്ലാന്റേഷൻ കോർപറേഷൻ (പി.സി.കെ.എൽ) ഡയറി ഫാം തുടങ്ങി പാഴാക്കിയത് 5.54 കോടിയെന്ന് സി.എ.ജി റിപ്പോർട്ട്. കശുമാവിൻ തോട്ടങ്ങളിൽ അഞ്ച് കോടി മതിപ്പു ചെലവു വരുന്ന ഡയറി ഫാം സ്ഥാപിക്കുന്നതിന് 2013 ലാണ് സർക്കാരിന്റെ അനുമതി തേടിയത്. പ്രതിദിനം 1,200-1,500 ലിറ്റർ ശുദ്ധമായ പാൽ ഉല്പാദിപ്പിച്ച്, ശീതീകരിച്ച്, പായ്ക്കറ്റിലാക്കി വിപണനം നടത്തുക എന്നതായിരുന്നു പദ്ധതി. ആറു മാസത്തെ ഇടവേളകളിൽ ഒന്നും രണ്ടും ഘട്ടങ്ങളിലായി 50 വീതം 100 പശുക്കളെ വാങ്ങുന്നതിനും പാൽ സംസ്ക്കരണത്തിനായി പ്ലാന്റ് സ്ഥാപിക്കുന്നതിനും പദ്ധതി തയാറാക്കി.

ഒന്നാം വർഷം 66.45 ലക്ഷത്തിന്റെ ലാഭമുണ്ടാക്കാമെന്നും ഏഴാം വർഷം മുടക്കുമുതൽ പൂർണമായും തിരിച്ചു പിടിക്കാമെന്നും ലക്ഷ്യമിട്ടു. സംസ്ഥാന സർക്കാർ സംരംഭത്തിന് അനുമതി നൽകുകയും മറ്റ് വ്യവസ്ഥകളുടെ കൂട്ടത്തിൽ പാസ്‌ചറൈസേഷൻ യൂനിറ്റിൽ നിന്നുള്ള പാലിന്റെ ഗുണമേന്മ നിലനിർത്തണമെന്നുള്ള വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്തു. ഫാമിൽ നിന്ന് കറന്നെടുത്ത ശുദ്ധമായ ശീതീകരിച്ച പാലിനു പകരം പാസ്‌ചറൈസ് ചെയ്യപ്പെട്ട പാൽ വിൽക്കാനാണ് സർക്കാർ അനുമതി നൽകിയത് എന്നതിനാൽ പാസ്‌ചറൈസേഷൻ യൂനിറ്റ് സ്ഥാപിക്കാൻ വേണ്ട നടപടികളെടുക്കാൻ പി.സി.കെ.എല്ലിന്റെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

എന്നാൽ, പാസ്‌ചറൈസേഷൻ യൂനിറ്റിനുള്ള സർക്കാർ അംഗീകാരത്തിനു വേണ്ടി പി.സി.കെ.എൽ പുതുക്കിയ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുകയോ പദ്ധതി തുടങ്ങുന്നതിന് മുൻപ് പാസ്‌ചറൈസേഷൻ യൂനിറ്റ് സ്ഥാപിക്കാൻ വേണ്ട അധിക ഫണ്ടിന്റെ ലഭ്യത ഉറപ്പുവരുത്തുകയോ ചെയ്തില്ല. ശീതീകരണ യൂനിറ്റിനു പകരം പാസ്ചറൈസേഷൻ യൂനിറ്റ് സ്ഥാപിക്കാനുള്ള അധികച്ചെലവ് കണ്ടെത്തിയത് പശുക്കളുടെ എണ്ണം 100ൽ നിന്ന് 14 ആക്കി കുറച്ചാണ്.

പദ്ധതി സംബന്ധമായ ജോലികൾ പൂർത്തിയാക്കി 2016 ഫെബ്രുവരി 29ന് ഫാം ഉദ്ഘാടനം ചെയ്തു. ഡയറി ഫാമിൽ നിന്നുള്ള മൊത്തം പാലുല്പാദനം വിഭാവനം ചെയ്യപ്പെട്ടിരുന്ന ദിനംപ്രതി 1,200-1,500 ലിറ്ററിന് പകരം ഏകദേശം 60 ലിറ്റർ (2022 ഡിസംബർ) ആയി. പശുക്കളെ വാങ്ങാതിരുന്നതിനാൽ ഉദേശിച്ച അളവിൽ പാലുല്പാദനം നടന്നില്ല. 2015-16 മുതൽ 2021-22 വരെയുള്ള കാലയളവിൽ ഡയറിഫാമിന് 1.69 കോടി നഷ്ടമുണ്ടായി.

വർഷങ്ങളായി 200 ഫാം നഷ്ടത്തിലാണ് പ്രവർത്തിച്ചത്. കൂടുതൽ നഷ്ടങ്ങൾ ഒഴിവാക്കുന്നതിന് ഫാമിലെ യന്ത്രസാമഗ്രികളും മറ്റ് അടിസ്ഥാന സൗകര്യോപാധികളും അഞ്ച് വർഷത്തേക്ക് മറ്റേതെങ്കിലും സർക്കാർ/ പൊതു/ സ്വകാര്യസ്ഥാപനങ്ങൾക്ക് ഇ-ടെൻഡറിലൂടെ പാട്ടത്തിന് നൽകാൻ ബോർഡ് തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഈ നിർദേശത്തിന് അനുമതി നൽകിയെങ്കിലും (2022 നവംബർ) ഇ-ടെൻഡർ പ്രക്രിയയിൽ 2023 ജനുവരി വരെ ആരും പങ്കെടുത്തില്ല.

ആറ് വർഷത്തിൽ കൂടുതൽ നീണ്ട കാലയളവിനു ശേഷവും ആവശ്യത്തിന് പാലുല്പാദിപ്പിക്കാൻ പശുക്കളെ വാങ്ങാൻ നടപടി സ്വീകരിച്ചില്ല. ഇക്കാര്യത്തിൽ പി.സി.കെ.എല്ലിന്റെ ഡയറക്ടർ പദ്ധതി വിജയിപ്പിക്കുന്നതിന് ഒന്നും ചെയ്തില്ല. അങ്ങനെ പാലിന്റെ ഉത്പാദനത്തിലൂടെയും വിതരണത്തിലൂടെയും പി.സി.കെ.എല്ലിന്റെ കശുമാവിൻ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനായി തുടങ്ങിയ പദ്ധതി 5.54 കോടി ചെലവാക്കിയിട്ടും ലക്ഷ്യം കണ്ടില്ല. 1.69 കോടി രൂപയുടെ പ്രവർത്തന നഷ്ടവും ഉണ്ടായി.

Tags:    
News Summary - AG said that 5.54 crore was wasted on dairy farm of Plantation Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.