ജി. രാജേന്ദ്രനെ പി.എസ്.സി. അംഗമാക്കാൻ മന്ത്രിസഭാ തീരുമാനം

ജി. രാജേന്ദ്രനെ (തിരുവനന്തപുരം) നിലവിലുളള ഒഴിവില്‍ പി.എസ്.സി. അംഗമായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. സപ്ലൈക്കോ സി.എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷിന് കൊച്ചി സ്മാര്‍ട് സിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചു വരുന്ന ഷര്‍മിള മേരി ജോസഫിനെ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായും ആസൂത്രണ സാമ്പത്തിക കാര്യ സെക്രട്ടറിയായും നിയമിക്കാന്‍ തീരുമാനിച്ചു. സര്‍വ്വെ ആന്‍റ് ലാന്‍റ് റെക്കോര്‍ഡ്സ് ഡയറക്ടര്‍ ഗോപാലകൃഷ്ണന് തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ആര്‍.എം.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ആര്‍. രാഹുലിന് കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ഉത്പാദക രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി സംഭരിക്കുന്നതിന് രൂപീകരിക്കുന്ന പ്രത്യേക ഉദ്ദേശ കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി റിട്ടയേര്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യനെ നിയമിച്ചു.

തസ്തികകള്‍ അനുവദിച്ചു
സബോര്‍ഡിനേറ്റ് ജുഡിഷ്യറിയില്‍ കീഴ്ക്കോടതികളിലും സബ്കോടതികളിലുമായി 460 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതി ആവശ്യപ്പെട്ട തസ്തികകളില്‍ ആദ്യഘട്ടമായാണ് 460 എണ്ണം അനുവദിച്ചത്. വിഴിഞ്ഞം പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ 10 തസ്തികകള്‍ അനുവദിച്ചു. കേരള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍റെ ഓഫീസിലേക്ക് 4 തസ്തികകള്‍ അനുവദിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വിയ്യൂര്‍ ഫയര്‍ ആന്‍റ് റസ്ക്യൂ അക്കാദമിയില്‍ പുതുതായി 22 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരൂമാനിച്ചു. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തില്‍ ആലത്തിയൂര്‍ ആസ്ഥാനമായി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി 10 തസ്തികകള്‍ സൃഷ്ടിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലിന്‍റെ തിരുവനന്തപുരം ബഞ്ചിലേക്ക് 37 തസ്തികകള്‍ സൃഷ്ടിച്ചു.

പെന്‍ഷന്‍ വർധിപ്പിച്ചു
പി.എസ്.സി.  മുന്‍ ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. വാര്‍ഷിക സേവനത്തിന് അടിസ്ഥാന ശമ്പളത്തിന്‍റെ 7.5 ശതമാനം എന്ന നിരക്കില്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. നിലവില്‍ ഒരു വര്‍ഷത്തെ സേവനത്തിന് 5 ശതമാനം എന്നതാണ് നിരക്ക്. പരമാവധി പെന്‍ഷന്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ അര്‍ഹതയ്ക്ക് രണ്ടു വര്‍ഷത്തെ മിനിമം സേവനം ഉണ്ടായിരിക്കണം.  മിനിമം പെന്‍ഷന് 30 ശതമാനം എന്ന നേരത്തെയുളള വ്യവസ്ഥ ഒഴിവാക്കി. താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ തിരൂര്‍ പുഴയ്ക്കു കുറുകെ 13 കോടി രൂപ ചെലവില്‍ പാലം നിര്‍മ്മിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കിയാണ് പ്രവൃത്തി നടത്തുക. 

സ്ഥലം അനുവദിച്ചു
വനിത പോലീസ് ബറ്റാലിയന് ആസ്ഥാനം നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം മേനംകുളം വില്ലേജിലെ സിഡ്കോയുടെ കൈവശമുളള 30 ഏക്ര ഭൂമിയില്‍ 10 ഏക്ര ഭൂമി ലഭ്യമാക്കാന്‍ തീരുമാനിച്ചു.  മലപ്പുറം ജില്ലാ പി.എസ്.സി. ഓഫീസ് നിര്‍മ്മിക്കുന്നതിന് റവന്യൂ വകുപ്പിന്‍റെ 30 സെന്‍റ് സ്ഥലം വ്യവസ്ഥകള്‍ക്കു വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു. 

ധനസഹായം പ്രഖ്യാപിച്ചു
മലപ്പുറം മങ്കട മദാരി വീട്ടില്‍ മുഹമ്മദ് അഷറഫിന്‍റെ  ജനിതക സംബന്ധമായ രോഗം ബാധിച്ച മകള്‍ ഫാത്തിമ ഹന്നയുടെ (11) എന്‍സൈം മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. തൃശ്ശൂര്‍ കുണ്ടന്നൂര്‍ കാരുമുക്കില്‍ വീട്ടില്‍ സൂധീര്‍ബാബുവിന്‍റെ ജനിതക സംബന്ധമായ രോഗം ബാധിച്ച മകള്‍ ലക്ഷമിയുടെ (14) എന്‍സൈം മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ തൃശ്ശൂര്‍ ദേശമംഗലം പുത്തന്‍പീടികയില്‍ വീട്ടില്‍ നിഷാദിന്‍റെ മകള്‍ നിസല ഫര്‍ഹീന്‍റെ (3) എന്‍സൈം മാറ്റിവയ്ക്കല്‍ ചികിത്സക്ക് അഞ്ചു ലക്ഷം രൂപ പാലക്കാട് തെക്കേദേകം കണക്കന്‍പാറ വീട്ടില്‍ കാജാഹൂസൈന്‍റെ മകന്‍ അന്‍സിലിന്‍റെ (8) എന്‍സൈം മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ ആലപ്പുഴ നൂറനാട് പണയില്‍ സുനിത ഭവനത്തില്‍ ശ്രീകുമാറും ഭാര്യ സജിതകുമാരിയും മരണപ്പെട്ട സാഹചര്യത്തില്‍ ഇവരുടെ നിരാലംബരായ മക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രായപൂര്‍ത്തിയാകുന്നതുവരെ തുക ബാങ്കില്‍ നിക്ഷേപിക്കും. 

നിയമസഭ സമ്മേളനം ആഗസ്റ്റ് 7 മുതല്‍
പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ശമ്പളപരിഷ്കരണ ആനുകൂല്യം അനുവദിച്ചു
കേരള ഡന്‍റല്‍ കൗണ്‍സിലിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചു.

Tags:    
News Summary - cabinet briefing kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.