തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർ.എസ്.എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച അടക്കം ഗുരുതര വിഷയങ്ങളിൽ പ്രതിസ്ഥാനത്തുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ഡി.ജി.പിയാക്കാൻ ശിപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ടിന് സർക്കാറിന്റെ പച്ചക്കൊടി. ചീഫ് സെക്രട്ടറി അധ്യക്ഷയായ പരിശോധന സമിതിയുടെ ശിപാർശ ഇന്നലെ ചേർന്ന മന്ത്രിസഭ അംഗീകരിച്ചു.
ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പിന്റെ നാലുതരം അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസിലെ ഉന്നത റാങ്കിലേക്ക് അജിത് കുമാറിനെ നിയോഗിക്കാൻ സർക്കാർ തീരുമാനമെടുത്തത്. 2026ൽ നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിൽ അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കും. അജിത്തിന് പുറമെ, എസ്.പി.ജി ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് രണ്ടു മാസത്തിനകം കേരള കേഡറിലേക്ക് തിരികെയെത്തുന്ന സുരേഷ് രാജ് പുരോഹിത്തിനും ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ കേന്ദ്രം അംഗീകരിച്ച നാല് ഡി.ജി.പി തസ്തികകളാണ് കേരളത്തിലുള്ളത്. നാലിലും ആളുള്ളതിനാൽ അഞ്ചാമത് താൽക്കാലിക ഡി.ജി.പി തസ്തികയുണ്ടാക്കിയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിയെത്തിയ മുൻ ബി.എസ്.എഫ് മേധാവി നിതിൻ അഗവർവാളിന് റോഡ് സുരക്ഷ കമീഷണറുടെ ചുമതല നൽകിയത്.
ഡിസംബർ 31ന് സഞ്ജീവ്കുമാര്‍ പട്ജോഷി ഡി.ജി.പി പദവി ഒഴിയുന്നതോടെ, നിതിൻ അഗവർവാളിനെ സ്ഥിരം കസേരയിലേക്ക് നിയമിക്കും. ഏപ്രിലില്‍ ഫയർഫോഴ്സ് മേധാവി പത്മകുമാര്‍ വിരമിക്കുമ്പോള്‍ 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് ഏബ്രഹാം ഡി.ജി.പി പദവിയിലെത്തും.
ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ കാലാവധി കഴിയുമ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങുന്ന സുരേഷ് രാജ് പുരോഹിതിന് ഡി.ജി.പി പദവി ലഭിക്കും. സുരേഷ് രാജ് പുരോഹിത് ഡെപ്യൂട്ടേഷൻ കാലാവധി നീട്ടുകയാണെങ്കിൽ മാത്രമേ 2025 ജൂലൈയിലെ ഒഴിവിൽ അജിത് കുമാറിനെ പരിഗണിക്കൂ. അല്ലാത്ത പക്ഷം 2026 ജൂലൈയിൽ നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്നത് വരെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.