700 സി.എന്‍.ജി ബസുകള്‍ വാങ്ങാൻ കെ.എസ്.ആര്‍.ടി.സി.ക്ക് മന്ത്രിസഭാ അനുമതി

കിഫ്ബിയില്‍ നിന്നും നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പ ലഭ്യമാക്കിക്കൊണ്ട് പുതിയ 700 സി.എന്‍.ജി. ബസ്സുകള്‍ വാങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സി.ക്ക് മന്ത്രിസഭ അനുമതി നല്‍കി.

പട്ടികജാതി - പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുവാന്‍ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മോണിട്ടറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും.

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവര്‍ക്കാണ് ചുമതല. സ്ഥലം എം.എല്‍.എ ചെയര്‍മാനും പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായിരിക്കും.

കീഴടങ്ങിയ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കര്‍ണ്ണാടക സ്വദേശി ലിജേഷ് എന്ന രാമുവിന്റെ പുനരധിവാസത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ എറണാകുളത്ത് വീട് നിര്‍മ്മിച്ചു നല്‍കും.

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ (എന്‍.ബി.സി.എഫ്.ഡി.സി) നിന്നും 45 കോടി രൂപയുടെ വായ്പാ ധനസഹായം ആര്‍ട്ട്‌കോ ലിമിറ്റഡ് (ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്) വഴി അംഗങ്ങളായ ദരിദ്ര പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സര്‍ക്കാരിന്റെ ബ്ലോക്ക് ഗവണ്‍മെന്റ് ഗ്യാരന്റിക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കി.

നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ഒമ്പതാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ 46 തസ്തികകള്‍ സൃഷ്ടിക്കും. സെക്ഷന്‍ ഓഫീസര്‍ 7, അസിസ്റ്റന്റ് - 28, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് - 11 എന്നിങ്ങനെയാണ് നിയമനം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ 36 അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.കേരള റിയല്‍ എസ്റ്റേറ്റ് അപ്പലറ്റ് ട്രിബ്യൂണലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തിക കൂടി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ 2018ല്‍ സൃഷ്ടിച്ച പത്രപ്രവർത്തക പെൻഷൻ സെക്ഷന് അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാര്‍ക്കും കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്കും 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

Tags:    
News Summary - Cabinet approves KSRTC to purchase 700 CNG buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.