കേരള കെട്ടിട നികുതി നിയമ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു; നികുതിപിരിവ് ഊർജിതമാക്കും

തിരുവനന്തപുരം: കേരള കെട്ടിട നികുതി നിയമ (ഭേദഗതി) ഓർഡിനൻസ് 2023 അംഗീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നികുതിപിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുന്നത്.

1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നികുതി നിർണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സർക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത് -വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

ശമ്പള പരിഷ്കരണം

കേരഫെഡിലെ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം 01.07.2019 മുതല്‍ പ്രാബല്യത്തിൽ നടപ്പാക്കുന്നതിന് അനുമതി നൽകി.

ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ സർക്കാർ അം​ഗീകാരമുള്ള സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ നടപ്പിലാക്കും.

നിയമനം

​ഗവൺമെന്റ് ഐ ടി പാർക്കുകളിലെയും അവയുടെ സാറ്റ്ലൈറ്റ് കാമ്പസുകളിലെയും ബിൽറ്റ് - അപ്പ് സ്പെയ്സ്, ഭൂമി എന്നിവ മാർക്കറ്റ് ചെയ്യുന്നതിന് ഇന്റെർനാഷണൽ പ്രോപ്പർട്ടി കൺസൾട്ടൻസിനെ നിയമിക്കുന്നതിന് അനുമതി നൽകി. ട്രാൻസാക്ഷൻ/ സക്സസ് ഫീ അടിസ്ഥാനത്തിലാകും നിയമനം. അതത് ​ഗവൺമെന്റ് ഐ ടി പാർക്കുകളിലെ ചീഫ് എക്സിക്യൂട്ടീവുമാർ നിയമനം നടത്തും.

ഭൂമി കൈമാറ്റം ചെയ്യുന്നതിന് അനുമതി

ടെക്നോപാർക്കിന്റെ മൂന്നാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ഒഴിവാക്കിയ ആറ് ഭൂ ഉടമകളുടെ ഉടമസ്ഥതയിലുള്ള ഭൂമി നിബന്ധനകളോടെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇവരുടെ പട്ടയം പരിശോധിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി. സ്ഥിരതാമസക്കാരായ ആറ് ഭൂ ഉടമകൾക്ക് പുതിയ വാസസ്ഥലം ഉണ്ടാകുന്നതു വരെ മാറി താമസിക്കുന്നതിനുള്ള വാടകയായി ഓരോ കുടുംബത്തിനും ഒറ്റതവണയായി 50,000 രൂപ നൽകും.

കേരളപ്പിറവി ആഘോഷം

കേരളപ്പിറവി ആഘോഷത്തിന്റെ ഭാ​ഗമായി നവംബർ ഒന്നു മുതൽ എഴു വരെ തിരുവനന്തപുരത്ത് സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

തുടർച്ചാനുമതി

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ 1012 താൽക്കാലിക തസ്തികകൾക്ക് (കേന്ദ്ര പ്ലാൻ വിഭാഗത്തിലെ 872 തസ്തികകളും സംസ്ഥാന പ്ലാൻ ഹെഡിലെ കമ്പ്യൂട്ടർ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ 1 തസ്തികയും നോൺപ്ലാൻ ഹെഡിലെ 139 തസ്തികകളുമുൾപ്പെടെ) 01.04.2022 മുതൽ 31.03.2023 വരെയും 01.04.2023 മുതൽ 31.03.2024 വരെയും തുടർച്ചാനുമതി നൽകും.

സംസ്ഥാനത്തെ 13 എൽ എ ജനറൽ ഓഫീസുകളിൽ ഉൾപ്പെട്ട 248 തസ്തികൾക്ക് 01.04.2023 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകും.

Tags:    
News Summary - Cabinet approves building tax amendment bill; Tax collection will be intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.