കൊച്ചി: എയര്‍ ഇന്ത്യയിലെ പൈലറ്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിച്ച് രണ്ട് മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നവരില്‍ കോമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവരെ മാത്രം പരിഗണിച്ച് നടത്തുന്ന നിയമന പ്രക്രിയ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ക്യാപ്റ്റന്‍ എസ്.ജി സജി, കെ.എം. ബഷീര്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ട്രെയിനി പൈലറ്റുമാരുടെ നിയമനത്തിന് എയര്‍ ഇന്ത്യയില്‍ ജോലിയിലില്ലാത്തവരുള്‍പ്പെടെ കോമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുള്ള എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നതെന്നും എന്നാല്‍, ഇത്തവണ എയര്‍ ഇന്ത്യയില്‍നിന്നുള്ളവരെ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനമാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്.
എയര്‍ ഇന്ത്യയുടെ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയുടെയും അവകാശങ്ങളുടെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, കോമേഴ്സ്യല്‍ പൈലറ്റുമാരുടെ നിയമനമാണ് നടത്തുന്നതെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വാദം. ഹരജിക്കാരുടെ പരാതിയില്‍ നേരത്തേ ഹൈകോടതി കേന്ദ്രസര്‍ക്കാറിന്‍െറ വിശദീകരണം തേടിയിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ പരാതി പരിഗണിച്ച് നിയമപരമായ തീരുമാനമെടുക്കാന്‍ തയാറാണെന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇക്കാര്യം രേഖപ്പെടുത്തിയാണ് തീരുമാനം കേന്ദ്ര സര്‍ക്കാറിന് വിട്ട് കോടതി ഉത്തരവിട്ടത്.
കോടതിയില്‍ ഉന്നയിച്ചതും അല്ലാത്തതുമായ വാദമുഖങ്ങള്‍ ഉള്‍പ്പെടുത്തി ഹരജിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. എയര്‍ ഇന്ത്യ അവരുടെ അഭിപ്രായങ്ങളും വാദമുഖങ്ങളും അവരും കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തണം. ഹരജിക്കാരുടെ പരാതിയും എയര്‍ ഇന്ത്യയുടെ വാദമുഖങ്ങളും പരിഗണിച്ച് നിയമപരമായി വേണം കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാന്‍. നിയമനത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുണ്ടെങ്കില്‍ എയര്‍ ഇന്ത്യ ഇക്കാര്യം അവരെ ധരിപ്പിക്കണം. കേന്ദ്ര നിയമമന്ത്രാലയത്തിന്‍െറ അഭിപ്രായംകൂടി തേടണമെന്നും കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.