കേരളാ ഗവർണർ കേന്ദ്രത്തിന്‍റെ പി.ആർ.ഒയെ പോലെ -വി.എം സുധീരൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ കേരളാ ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഗവർണർ കേന്ദ്ര സർക്കാറിന്‍റെ പി.ആർ.ഒയെ പോലെ പെരുമാറരുതെന്ന് സുധീരൻ പറഞ്ഞു.

കേന്ദ്ര സർക്കാറിനെയും പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്. ഗവർണർ പദവിക്ക് ചേരുന്ന നിലപാടല്ലിത്. ഇത്തരം നടപടികളിൽ നിന്ന് ഗവർണർ പിന്മാറണമെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ ശക്തമായി വന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാറിന്‍റെ ന്യായവാദങ്ങളൊക്കെ ജനങ്ങൾ തള്ളിക്കളയുന്ന സ്ഥിതിയാണുള്ളത്.

ഇന്ത്യയെ വർഗീയ ഭ്രാന്താലയമാക്കാനുള്ള മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ തെറ്റായ ശ്രമങ്ങളിൽ നിന്നും സദുപദേശങ്ങൾ നൽകി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയർ അനുയോജ്യമായ രീതിയിൽ ഇടപെടേണ്ട സന്ദർഭമാണിത്.

എന്നാൽ ഇതിനെല്ലാം വിരുദ്ധമായി കേന്ദ്ര സർക്കാരിനെയും മോഡി-അമിത് ഷാ മാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ആദരണീയനായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹം വഹിക്കുന്ന ഉന്നതപദവിക്ക് അതൊന്നും തെല്ലും അനുയോജ്യമല്ല.

കേന്ദ്ര സർക്കാറിന്‍റെ കേവലമൊരു പി.ആർ.ഒയെ പോലെ ദയവായി അദ്ദേഹം പെരുമാറരുത്. അങ്ങനെ വന്നാൽ ഗവർണറായി വന്നതിനുശേഷം അദ്ദേഹത്തിന് കേരളത്തിൽ ലഭിച്ച വലിയ സ്വീകാര്യതക്ക് മങ്ങലേൽക്കും. അതുകൊണ്ട് കേന്ദ്ര സർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന നടപടികളിൽ നിന്നും ബഹു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തിരിയണമെന്നാണ് എന്‍റെ അഭ്യർഥന.

Full View
Tags:    
News Summary - CAA VM Sudheeran Arif Ali Khan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.