കോഴിക്കോട്: രണ്ടാം പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് മാർച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ റിമാൻഡിൽ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വസീം പിണങ്ങോട്, ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡൻറ് ആദിൽ അലി, ജില്ല കമ്മിറ്റി അംഗം നാസിം പൈങ്ങോട്ടായി, ഹസനുൽ ബന്ന, സവാദ്, സഫിൻ, അനസ് എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ടൗൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടാം പൗരത്വ പ്രക്ഷോഭത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ റിമാൻഡാണിത്.
രാത്രി കോർപറേഷൻ ഓഫിസ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് ആകാശവാണി ഗേറ്റിനു സമീപം പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർക്കുനേരെ ലാത്തിവീശിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടർന്ന് പ്രവർത്തകർ റോഡിന്റെ ഒരുവശം ഉപരോധിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ലബീബ് കായക്കൊടി ഉദ്ഘാടനപ്രസംഗം നിർവഹിക്കവെയാണ് വീണ്ടും പൊലീസ് ലാത്തിവീശിയതും സംഘർഷമുണ്ടായതും. സമരത്തിൽ പങ്കെടുത്ത വനിതകൾക്കുനേരെ പുരുഷ പൊലീസുകാർ അതിക്രമം നടത്തിയത് വാക്കേറ്റത്തിനിടയാക്കിയിരുന്നു.
ലാത്തിയടിയിൽ പരിക്കേറ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി ഉൾപ്പെടെ പത്തോളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമരക്കാർക്കുനേരെ പൊലീസിനെ ആക്രമിച്ചു എന്നതടക്കം ഇല്ലാത്ത കുറ്റങ്ങൾ ചുമത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് ആയിഷ മന്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.