വി.എം. വിനു, ബൈജു കാളക്കണ്ടി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനിൽ സെലിബ്രിറ്റി സ്ഥാനാർഥി സംവിധായകൻ വി.എം. വിനുവിന് പകരം കോൺഗ്രസ് പ്രാദേശിക നേതാവിനെ മത്സരിപ്പിക്കും. പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർഥി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വിനുവിന് മത്സരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബൈജുവിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് വെട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജു, നിലവിലെ കൗണ്‍സിലര്‍ എം.സി. സുധാമണി, സുരേഷ് കുമാര്‍ തുടങ്ങിയവരാണ് പരിഗണനയിലുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാമെന്ന ആലോചനയുണ്ടായിരുന്നെങ്കിലും നേരത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടവരെ രംഗത്തിറക്കാനാണ് കോര്‍ കമ്മിറ്റി തീരുമാനിച്ചത്. വി.എം. വിനു, ജോയ് മാത്യു എന്നിവര്‍ താരപ്രചാരകരായി ഇറങ്ങും. പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചതെന്നും യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും കാളക്കണ്ടി ബൈജു പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വി.എം. വിനു നല്‍കിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി വ്യക്തമാക്കി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടായിരുന്നു എന്നായിരുന്നു വിനു വാദിച്ചത്. രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനാല്‍ വോട്ടര്‍ പട്ടിക പരിശോധിച്ചില്ലെന്നും പാര്‍ട്ടി സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം ഹൈകോടതിയില്‍ പറഞ്ഞിരുന്നു.
പ്രചാരണം തുടങ്ങിയ ശേഷമാണ് വി.എം. വിനുവിന് കോർപറേഷൻ പരിധിയിൽ വോട്ടില്ല എന്ന കാര്യം സ്ഥിരീകരിച്ചത്. വോട്ട് സി.പി.എം മനഃപൂർവം വെട്ടിയതാണ് എന്നാരോപിച്ച് പിന്നീട് വിനു രംഗത്തുവന്നു. ഇതുകാണിച്ച് കോഴിക്കോട് കലക്ടർക്ക് പരാതി നൽകുകയും ചെയ്തു. 2020ൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയുടെ പേര് 2025 ൽ അകാരണമായി വെട്ടിപ്പോയാൽ മാത്രമേ കലക്ടർക്ക് പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടവകാശം പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ 2020ലെ വോട്ടർപട്ടികയിലും വിനുവിന്റെ പേരില്ലായിരുന്നുവെന്ന് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടി. തുടർന്ന് തന്റെ അപേക്ഷയിൽ കലക്ടറിൽനിന്ന് അനുകൂല നടപടി ഇല്ലാതെ വന്നപ്പോഴാണ് വിനു ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.