സ്വകാര്യബസിന് മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കുട്ടി. ബസ് ഡ്രൈവർ സിനോജ്
കോഴിക്കോട്: പാഞ്ഞുവരുന്ന ബസിനു മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. നിർത്തിയിട്ട ഓട്ടോറിക്ഷയെ കടന്ന് റോഡിന്റെ മറുവശത്തുള്ള അമ്മയുടെ അരികിലേക്ക് ഓടിയെത്തുന്ന പിഞ്ചു കുഞ്ഞ്. അതേ ദിശയിൽ കുതിച്ചെത്തിയൊരു നീലബസും. ആരുടെയും നെഞ്ച് പിടക്കുന്ന നിമിഷം. ഈ സമയത്ത് നിമിഷ വേഗത്തിൽ സമചിത്തതയോടെ പെരുമാറിയ ഡ്രൈവർ, ബസ് വെട്ടിച്ച് ബ്രേക്കിട്ടപ്പോൾ രക്ഷപ്പെട്ടത് പിഞ്ചു ജീവൻ..
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കണ്ടവർക്കും ഒരു നടുക്കത്തോടെയല്ലാതെ അത്ഭുതകരമായ രക്ഷപ്പെടൽ ഉൾകൊള്ളാനാവുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് കൊടിയത്തൂരിൽ വെച്ചായിരുന്നു ഈ സംഭവം. കോഴിക്കോട് -കൊടിയത്തൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ സിനോജായിരുന്നു സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ചത്.
കുട്ടി ബസ്സിനടിയിൽ പെട്ടുവെന്നായിരുന്നു ഒരു നിമിഷം താനും കരുതിയതെന്ന് സിനോജ് പറയുന്നു. സംഭവത്തിനു പിന്നാലെ ബസ്സിൽ നിന്നും ഇറങ്ങിയ സിനോജ് രണ്ടു ദിവസം വളയം തൊട്ടില്ല. ‘കൈയും കാലും വിറച്ചുപോയി. ആ നിമിഷം സുഹൃത്തിനെ ഡ്രൈവിങ് സീറ്റിലിരുത്തി ഇറങ്ങിയതാണ്. പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് ബസിൽ തിരികെ കയറിയത്. എനിക്കും ആ പ്രായമുള്ള രണ്ട് കുട്ടികളാണുള്ളത്. ഒരു നിമഷം കുട്ടി ബസിനുള്ളിൽ കുടുങ്ങിയെന്ന് വിചാരിച്ചു. റോഡിലിറങ്ങുമ്പോൾ കുട്ടികളെ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നു മാത്രമാണ് പറയാനുള്ളത്.’ -ബസ് ഡ്രൈവ് സിനോജ് പറയുന്നു.
വെള്ളിയാഴ്ച സംഭവം നടന്നതിനു പിന്നാലെ, ശനിയാഴ്ചയാണ് സുഹൃത്തിന്റെ കടയിലെ സി.സി.ടി.വിയിൽ നിന്നും അപകട ദൃശ്യം എടുത്തത്. രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കട്ടേ എന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നുവെന്നും സിനോജ് പറഞ്ഞു. അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ മകളാണ് രക്ഷപ്പെട്ട കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.