തിരകഥാകൃത്ത് പി.എസ്.റഫീഖ്
തൃശൂർ: വിദ്യാർഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട് തൃശൂർ ജില്ല കലക്ടറുടെ ശ്രദ്ധയിലേക്ക് തിരകഥാകൃത്ത് പി.എസ്.റഫീഖ് സമൂഹമാധ്യമങ്ങളിൽ എഴുതിയ സങ്കട ഹരജി ചർച്ചയാകുന്നു.
വിദ്യാർഥികളുടെ മിനിമം യാത്രനിരക്ക് ഒരു രൂപയാണെങ്കിലും പത്തു രൂപ കൊടുത്ത് പോലും യാത്ര ചെയ്യാൻ അനുവദിക്കാതെ ബസ് ജീവനക്കാർ കുട്ടികളെ അപമാനിക്കുന്ന അവസ്ഥ അങ്ങേയറ്റം വേദനജനകമാണെന്നും വിഷയത്തിൽ കലക്ടറുടെ ഇടപെടൽ ഉണ്ടാകണമെന്നുമാണ് റഫീഖ് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ മകൾ യാത്ര ചെയ്യുന്ന കൊടുങ്ങല്ലൂർ-തൃശൂർ റൂട്ടിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് പി.എസ് റഫീഖിന്റെ പോസ്റ്റ്.
"വിദ്യാർഥികളുടെ മിനിമം യാത്ര നിരക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്നത് ഒരു രൂപയാണല്ലോ. എന്നാൽ രണ്ടു മുതൽ അഞ്ചു രൂപ വരെ എല്ലാ വിദ്യാർഥികളും കൊടുക്കുന്നുണ്ട്. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ വരെ യാത്ര ചെയ്യുന്നതിനാൽ എന്റെ മകളടക്കമുള്ള കുട്ടികൾ പത്തു രൂപ നല്കേണ്ടി വരുന്നുണ്ട്. അത് കൊടുക്കുന്നതിൽ വൈമനസ്യം കാണിക്കാറില്ല. കാണിച്ചിട്ട് കാര്യവുമില്ല.
ലിമിറ്റഡ് സ്റ്റോപ്പുകളിൽ കുട്ടികൾക്ക് കൺസഷൻ ഇല്ല എന്ന അലിഖിത നിയമം നില നില്ക്കുന്നതിനാൽ ലോക്കൽ ബസുകളെയാണ് ഈ കുട്ടികൾ ആശ്രയിക്കാറ്.
പുതിയ പ്രശ്നമെന്താണെന്ന് വച്ചാൽ പത്തു രൂപക്ക് തൃശൂർ വരെ യാത്ര ചെയ്യാൻ പറ്റില്ല എന്ന നിരന്തര ഭീഷണി ഈ കുഞ്ഞുങ്ങൾ നേരിടുകയാണ്. മാന്യരായ ബസ്സ് ജീവനക്കാർ ഉണ്ടെന്നിരിക്കെ, ബസുകളിൽ കുറെയെണ്ണത്തിലെങ്കിലും ഗുണ്ടകളുടെ ഭരണമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മറ്റു യാത്രക്കാരുടെ മുമ്പിൽ വച്ച് അപമാനിക്കുക. ബസിൽ നിന്ന് ഇറക്കി വിടുക, അസഭ്യം പറയുക തുടങ്ങി നിരവധി പീഡനങ്ങൾ എന്റെ മകളടക്കമുള്ള കുഞ്ഞുങ്ങൾ നേരിടുന്നുണ്ട്. മുഴുവൻ ചാർജോ, അതിൽ പകുതിയോ ദിവസവും കൊടുത്ത് പോയി. വരാൻ നിവൃത്തിയുള്ള കുട്ടികളല്ല എന്റെ മകളടക്കമുള്ള പല കുട്ടികളുമെന്ന് അന്വേഷണത്തിൽ താങ്കൾക്ക് ബോധ്യപ്പെടുന്നതാണ്."-പി.എസ് റഫീഖ് പറയുന്നു.
മാന്യമായി വിദ്യാഭ്യാസം നേടാൻ ധനികനും ദരിദ്രനും ഒരു പോലെ അവകാശമുണ്ടെന്നിരിക്കെ ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണ്. കഷ്ടപ്പെട്ട് പഠിച്ച് ഉന്നതിയിലെത്തിയ താങ്കൾക്ക്(ജില്ല കലക്ടർ) ഒരു പിതാവിന്റെ സംഘർഷവും ഒരു വിദ്യാർഥിയുടെ വേദനയും പൂർണമായി മനസിലാകുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
"ബഹുമാനപ്പെട്ട ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സർ അറിയുന്നതിന് ഒരു പാട് കുട്ടികൾക്കു വേണ്ടി ഒരു കുട്ടിയുടെ രക്ഷിതാവിന്റെ സങ്കട ഹർജി
സർ,
എന്റെ മകൾ തൊണ്ണൂറ് ശതമാനം മാർക്കോടെ പ്ലസ് ടു വിജയിക്കുകയും അവൾക്ക് തൃശൂരിലെ ഒരു പ്രമുഖ കോളേജിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ കൊടുങ്ങല്ലൂരിലാണ് താമസിക്കുന്നത്. ഭാരിച്ച ഫീസിലുപരി ഹോസ്റ്റലിൽ നിർത്താനുള്ള സാമ്പത്തിക പിൻബലം തല്ക്കാലമില്ലാത്തതിനാൽ ദിവസവും പോയി വരാതെ നിവൃത്തിയില്ലാതായിരിക്കുന്നു. രാവിലെ 8.45 ന് കോളേജിലെത്തേണ്ടതിനാൽ ആറു മണിയോടു കൂടി വീട്ടിൽ നിന്നിറങ്ങി ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് കൊടുങ്ങല്ലൂരിലെത്തി ഏഴ് മണിയോടെയുള്ള ബസ്സ് പിടിക്കണം
ഇനി, പ്രശ്നത്തിലേക്ക് ഞാൻ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കട്ടെ. എന്റെ മകളടക്കമുള്ള നിരവധി വിദ്യാർത്ഥികൾ ബസ്സു ജീവനക്കാരാൽ അപമാനിക്കപ്പെടുകയാണ്. വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്നത് ഒരു രൂപയാണല്ലോ. എന്നാൽ രണ്ടു മുതൽ അഞ്ചു രൂപ വരെ എല്ലാ വിദ്യാർത്ഥികളും കൊടുക്കുന്നുണ്ട്. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ വരെ യാത്ര ചെയ്യുന്നതിനാൽ എന്റെ മകളടക്കമുള്ള കുട്ടികൾ പത്തു രൂപ നല്കേണ്ടി വരുന്നുണ്ട്. അത് കൊടുക്കുന്നതിൽ വൈമനസ്യം കാണിക്കാറില്ല. കാണിച്ചിട്ട് കാര്യവുമില്ല.
ലിമിറ്റഡ് സ്റ്റോപ്പുകളിൽ കുട്ടികൾക്ക് കൺസഷൻ ഇല്ല എന്ന അലിഖിത നിയമം നില നില്ക്കുന്നതിനാൽ ലോക്കൽ ബസ്സുകളെയാണ് ഈ കുട്ടികൾ ആശ്രയിക്കാറ്.
പുതിയ പ്രശ്നമെന്താണെന്ന് വച്ചാൽ പത്തു രൂപയ്ക്ക് തൃശൂർ വരെ യാത്ര ചെയ്യാൻ പറ്റില്ല എന്ന നിരന്തര ഭീഷണി ഈ കുഞ്ഞുങ്ങൾ നേരിടുകയാണ്. മാന്യരായ ബസ്സ് ജീവനക്കാർ ഉണ്ടെന്നിരിക്കെ, ബസ്സുകളിൽ കുറെയെണ്ണത്തിലെങ്കിലും ഗുണ്ടകളുടെ ഭരണമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മറ്റു യാത്രക്കാരുടെ മുമ്പിൽ വച്ച് അപമാനിക്കുക. ബസ്സിൽ നിന്ന് ഇറക്കി വിടുക, അസഭ്യം പറയുക തുടങ്ങി നിരവധി പീഡനങ്ങൾ എന്റെ മകളടക്കമുള്ള കുഞ്ഞുങ്ങൾ നേരിടുന്നുണ്ട്. മുഴുവൻ ചാർജോ, അതിൽ പകുതിയോ ദിവസവും കൊടുത്ത് പോയി. വരാൻ നിവൃത്തിയുള്ള കുട്ടികളല്ല എന്റെ മകളടക്കമുള്ള പല കുട്ടികളുമെന്ന് അന്വേഷണത്തിൽ താങ്കൾക്ക് ബോധ്യപ്പെടുന്നതാണ്.
മാന്യമായി വിദ്യാഭ്യാസം നേടാൻ ധനികനും ദരിദ്രനും ഒരു പോലെ അവകാശമുണ്ടെന്നിരിക്കെ ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണ്. കഷ്ടപ്പെട്ട് പഠിച്ച്ഉന്നതിയിലെത്തിയ താങ്കൾക്ക് ഒരു പിതാവിന്റെ സംഘർഷവും ഒരു വിദ്യാർത്ഥിയുടെ വേദനയും പൂർണമായി മനസ്സിലാകുമെന്ന് വിശ്വാസമുണ്ട്.
ഈ വിഷയത്തിൽ നീതിപൂർവ്വമായി ഇടപെട്ട് ഒരു പരിഹാരമുണ്ടാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്നേഹ ബഹുമാനങ്ങളോടെ
പി.എസ്. റഫീഖ്
ഈ പോസ്റ്റ് ഷെയർ ചെയ്ത് സഹായിക്കണമെന്ന് എല്ലാവരോടും അപേക്ഷ"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.