ബസ് ചാര്‍ജ് വര്‍ധനക്ക് രഹസ്യനീക്കം

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ സ്വകാര്യ ബസുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ബസ് ചാര്‍ജ് ഒരുരൂപ വര്‍ധിപ്പിക്കാന്‍ രഹസ്യനീക്കം. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിലവില്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയായി ഓടുന്ന പെര്‍മിറ്റുകള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ നിര്‍ത്തലാക്കുന്നതിന് പകരമായാണ് ചാര്‍ജ് വര്‍ധനക്കുള്ള നീക്കം. ഇടതുപക്ഷത്തെ ചില പ്രമുഖ നേതാക്കളുമായി ബസുടമകള്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.

ഇന്ധനവില വര്‍ധനയത്തെുടര്‍ന്ന് ചാര്‍ജ് കൂട്ടിയില്ളെങ്കില്‍ ജനുവരിയില്‍ അനിശ്ചിതകാല സമരമാരംഭിക്കുമെന്ന് ഒരുവിഭാഗം ബസുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച്  ഉടമകള്‍ ഗതാഗതമന്ത്രിയെ കണ്ടെങ്കിലും തല്‍ക്കാലം പരിഗണിക്കില്ളെന്നായിരുന്നു പ്രതികരണം. എന്നാല്‍ സമരംപ്രഖ്യാപിച്ച് നിരക്ക് വര്‍ധനക്കുള്ള സാഹചര്യമൊരുക്കാനാണ് ബസുടമകളുടെ നീക്കം.

ചാര്‍ജ് കൂട്ടല്‍ പരിഗണനയിലില്ളെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴും നിരക്ക് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ കമീഷനെ ചുമതലപ്പെടുത്താമെന്ന് ബസുടമകള്‍ക്ക് സര്‍ക്കാര്‍ വാക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഒരുവിഭാഗം ബസുടമകള്‍ ജനുവരി രണ്ടാംവാരം മുതല്‍ പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ മന്ത്രി യോഗം വിളിച്ചുചേര്‍ക്കാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013ലെ ഉത്തരവിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പെര്‍മിറ്റ് നഷ്ടപ്പെട്ട 241 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് അനുവദിച്ചിരുന്നു.

സ്വകാര്യ ബസുകള്‍ക്ക് എത്രദൂരവും സര്‍വിസ് നടത്താന്‍ സ്വാതന്ത്രം നല്‍കി യു.ഡി.എഫ് സര്‍ക്കാര്‍ ചട്ടഭേദഗതി നടത്തി അനുവദിച്ച ഈ പെര്‍മിറ്റിന്‍െറ കാര്യത്തില്‍ ഇടത് സര്‍ക്കാറും കണ്ണടക്കുകയായിരുന്നു.

ഇതില്‍ 170 പെര്‍മിറ്റുകളുടെ കാലാവധി അവസാനിച്ച് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ക്ക് നിശ്ചയിച്ചിരുന്ന 140 കിലോമീറ്റര്‍ ദൂരപരിധി എടുത്തുകളഞ്ഞാണ് 2016 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പുതിയ താല്‍ക്കാലിക പെര്‍മിറ്റുകള്‍ നല്‍കിയത്.

ഇതിനിടെ കെ.എസ്.ആര്‍.ടി.സിയുടെ നില പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.ഡി രാജമാണിക്യം സ്വകാര്യ ബസുകളുടെ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി നിര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത സൂപ്പര്‍ ക്ളാസ് റൂട്ടുകളില്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന ബോര്‍ഡില്‍ സ്വകാര്യ ബസുകള്‍ ദൂരപരിധിയില്ലാതെ സഞ്ചരിക്കുന്നത് കെ.എസ്.ആര്‍.ടി.സിക്ക് വന്‍നഷ്ടമുണ്ടാക്കുന്നെന്നും എം.ഡി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവ നിര്‍ത്തലാക്കുന്നതിനും പ്രത്യുപകാരത്തിനായി ചാര്‍ജ് വര്‍ധനക്കും സാഹചര്യമൊരുങ്ങുന്നത്.

Tags:    
News Summary - bus charge increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.