ഇടുക്കിയിലെ നിർമാണ നിയന്ത്രണം എട്ട്​ വില്ലേജുകളിൽ മാത്രം; പുതിയ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഇടുക്കിയിലെ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവ് ഭേദഗതി ചെയ്ത് വീണ്ടും ഉത്തരവിറക്കി. 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിലെ അനധികൃത നിർമാണങ്ങൾ സംബന്ധിച്ച 2019 ആഗസ്​റ്റ്​ 22ലെ ഉത്തരവാണ് റവന്യു വകുപ്പ് ഭേദഗതി ചെയ്തത്. പുതിയ ഉത്തരവ് നിലവിൽവന്നതോടെ നിർമാണ നിയന്ത്രണം മൂന്നാറിലെ ചിന്നക്കനാൽ, കണ്ണൻ ദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി എന്നീ എട്ട് വില്ലേജുകളിലൊതുങ്ങും.

തദ്ദേശസ്വയംഭരണ വകുപ്പ് കെട്ടിടനിർമാണ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് 2019ലെ ഉത്തരവിൽ നിർദേശിച്ചിരുന്നെങ്കിലും ഒരു വർഷമായിട്ടും ഒന്നും നടന്നില്ല. ഇടുക്കി ജില്ലയിൽ ആകെ ഉത്തരവ് നടപ്പാക്കണമോ എന്ന സംശയം പല കോണുകളിൽനിന്നുണ്ടായി. മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകൾക്ക് മാത്രമായി കെട്ടിനിർമാണ ചട്ടങ്ങളിൽ തദ്ദേശ വകുപ്പ് ആവശ്യമായ ഭേദഗതി വരുത്തണമെന്നാണ് പുതിയ ഉത്തരവ്.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായിട്ടാണ്, കാർഷികാവശ്യത്തിന് പതിച്ചുനൽകിയ ഭൂമിയിൽ വാണിജ്യ കേന്ദ്രങ്ങൾക്കായി നിർമാണങ്ങൾ നടത്തിയതിനെ സാധൂകരിക്കാൻ നയപരമായി സർക്കാർ തീരുമാനിച്ചത്. അതനുസരിച്ച് മൂന്നാറിലെ അനധികൃത നിർമാണം സാധൂകരിക്കാൻ 2019ൽ ഉത്തരവിറക്കി. അതോടൊപ്പം ഭൂപതിവ് ചട്ടങ്ങൾ പ്രകാരം അനുവദിച്ച ഭൂമിയിൽ വ്യവസ്ഥകൾ ലംഘിച്ച് വാണിജ്യ നിർമാണപ്രവർത്തനങ്ങൾ ഭാവിയിൽ നടത്തരുതെന്നും ഉത്തരവിൽ നിർദേശിച്ചു.

അതിനായി ബന്ധപ്പെട്ട കെട്ടിടനിർമാണ ചട്ടങ്ങളിൽ ഏത് ആവശ്യത്തിനാണ് പട്ടയം അനുവദിച്ചതെന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തിൽ മാത്രമേ കെട്ടിട നിർമാണം (ബിൽഡിംഗ് പെർമിറ്റ്) അനുവദിക്കാവൂയെന്ന് വ്യവസ്ഥ ചെയ്തു. അതനുസരിച്ച് ബന്ധപ്പെട്ട കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നായിരുന്നു ഉത്തരവ്.

എന്നാൽ, ഈ ഉത്തരവിലെ ആറിൽ (എട്ട്) ഇടുക്കി ജില്ലയിൽ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ച ഭൂമിയിൽ എന്നാണ് സൂചിപ്പിച്ചിരുന്നത്. ഇത് സാധാരണ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. അതിനാലാണ് ഉത്തരവ് ഭേദഗതി ചെയ്തത്.

ഇടുക്കി ജില്ലയിലെ ഒരോ പ്രദേശത്തിനും സവിശേഷമായ പ്രത്യേകതകളുണ്ട്. മൂന്നാറിലെ നിർമാണപ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് അനുഗുണമാകണമെന്ന് ഹൈകോടതിയിലും സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നാർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫിസറുടെ സർട്ടിഫ്ക്കറ്റ് വേണമെന്ന് നിബന്ധന ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലുള്ളതാണ്. അത് സംസ്ഥാനത്താകെ ബാധകമാക്കണമെന്ന്​ നയപരമായി സർക്കാർ തീരുമാനമെടുത്തിട്ടില്ല.

മൂന്നാർ മേഖലയിലെ ചിന്നക്കനാൽ, കണ്ണൻ ദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി എന്നീ എട്ട് വില്ലേജുകളിൽ നിർമാണപ്രവർത്തനങ്ങൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഇടുക്കി കലക്ടറുടെ സർക്കുലർ നിലവിലുണ്ട്. മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കാൻ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുക, മഴവെള്ള സംഭരണി നിർമിക്കുക, മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കുക തുടങ്ങിയ നിബന്ധകളും 2019ലെ ഉത്തരവിലുണ്ടായിരുന്നു. ഈ ഭേദഗതിയോടെ കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്താം.


Tags:    
News Summary - building restrictions in idukki now only 8 panchayaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.