ബഫർസോൺ: ഭൂപടത്തിനൊപ്പം സർവേ നമ്പർ ഇനിയും പ്രസിദ്ധീകരിച്ചില്ല

തിരുവനന്തപുരം: വനംവകുപ്പിന്റെ നിര്‍ദിഷ്ട കരുതല്‍ മേഖല ഭൂപടത്തിനൊപ്പം അതത് പ്രദേശത്തെ സര്‍വേ നമ്പറും കെട്ടിട നമ്പറും ചൊവ്വാഴ്ചയും പ്രസിദ്ധീകരിച്ചില്ല. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിരുന്നതെങ്കിലും വൈകീട്ട് വരെ അപ്ലോഡ് ചെയ്തിട്ടില്ല. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററിനെയാണ് (കെസ്രക്) ഇക്കാര്യം ഏല്‍പിച്ചിരുന്നതെങ്കിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ ഭൂപടം ആശയക്കുഴപ്പത്തിനും വിവാദങ്ങള്‍ക്കും വഴിതുറന്നതോടെയാണ് ‘കെസ്രക്’ തയാറാക്കിയ ഭൂപടം പ്രസിദ്ധീകരിച്ചത്. തങ്ങളുടെ കെട്ടിടങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തതയില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പരാതി നൽകുന്നതിന് ഇതു തടസ്സമായതോടെ സര്‍വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി പ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനായാണ് വനം വകുപ്പ് ‘കെസ്രക്കി’ന്റെ സാങ്കേതിക സഹായം തേടിയിരുന്നത്. ആദ്യം പുറത്തിറക്കിയതും പിന്നീട്, വനംവകുപ്പ് പ്രസിദ്ധീകരിച്ചതുമായ ഭൂപടങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പരാതികള്‍ കൂടി കേട്ടശേഷം വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനു മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പരാതികളില്‍ നേരിട്ടുള്ള പരിശോധന നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നിയോഗിച്ചവര്‍ക്കുള്ള സാങ്കേതിക പരിശീലനം മിക്ക ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. ഇനിയും ഏതാനും തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കാണ് സാങ്കേതിക പരിശീലനം നൽകാനുള്ളത്.

Tags:    
News Summary - Bufferzone: Survey number not yet published with map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.