കരുതൽ മേഖല: കേരളം കക്ഷിചേരാൻ ആവശ്യമായ വിവരങ്ങൾ എ.ജിക്ക് കൈമാറി

തിരുവനന്തപുരം: കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ പ്രധാനകേസില്‍ കേരളം കക്ഷിചേരാന്‍ ആവശ്യമായ വിവരങ്ങള്‍ അഡ്വക്കറ്റ് ജനറലിന് സർക്കാർ കൈമാറി. വനംമേധാവിയുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച സത്യവാങ്മൂലം വനം സെക്രട്ടറിയാണ് കൈമാറിയത്. നിയമപരമായ പരിശോധനകള്‍ നടത്തിയശേഷം അഡ്വക്കറ്റ് ജനറല്‍, സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിങ് കോണ്‍സലിന് കൈമാറും. ജനുവരി അഞ്ചിനകം കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യാനാണ് ധാരണ. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും 2020-21ലെ സര്‍വേ റിപ്പോര്‍ട്ടും നിലവില്‍ സ്വീകരിക്കുന്ന ഫീല്‍ഡ് സര്‍വേ അടക്കമുള്ള സാങ്കേതിക നടപടിക്രമങ്ങളും ഉള്‍പ്പെടെ വിവരങ്ങളാകും സുപ്രീംകോടതിയെ അറിയിക്കുക.

ജനുവരി 11ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ വനം-പരിസ്ഥിതി കേസുകള്‍ കൈകാര്യം ചെയ്ത് പ്രാഗല്ഭ്യമുള്ള നിലവിലെ അഭിഭാഷകര്‍ക്ക് പുറമെ മുതിര്‍ന്ന അഭിഭാഷകനെ കൂടി വെക്കണമെന്ന നിർദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന മറ്റ് അഭിഭാഷകരുടെ പേരുകളും പരിഗണിക്കുന്നു. ജനുവരി 11ന് കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ കേസും കേരളത്തിന്റെ പുനഃപരിശോധന ഹരജിയുമാണ് എത്തുന്നത്.

വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ അടക്കമുള്ള 49,000 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സർവേയിലെ കണ്ടെത്തൽ. എത്രത്തോളം കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സർവേ. എന്നാല്‍, മരച്ചില്ലകള്‍ മറച്ചതും മറ്റ് സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടതുമായ 30,000 മുതല്‍ 35,000 കെട്ടിടങ്ങള്‍ വരെ ഉള്‍പ്പെടുത്താനുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. കണ്ടെത്താനാകാത്തത് സംബന്ധിച്ച 20,000ത്തോളം പരാതികള്‍ ലഭിക്കുകയും ചെയ്തു. പരാതികള്‍ പൂര്‍ണമായി പരിഹരിക്കപ്പെടണമെങ്കില്‍ കാലതാമസം ഉണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്.

Tags:    
News Summary - buffer zone: Kerala has forwarded the necessary information to the AG to join the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.