ബഫര്‍സോൺ: ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് അൽമായ ഫോറം

കൊച്ചി: സുപ്രീംകോടതിയുടെ ബഫർസോൺ ഉത്തരവുമായി ബന്ധപ്പെട്ട് ഇടത്-വലത് വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്ട്രീയക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിറോ മലബാർ സഭ അൽമായ ഫോറം. മലയോര മേഖലയെ ഒന്നാകെ തകർക്കുന്നതാണ്​ ബഫർസോൺ നടപടികൾ. ഒരുമിച്ചുനിന്ന് ഇതിന്​ പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട്​ വരണമെന്നും അൽമായ ഫോറം ആവശ്യപ്പെട്ടു.

സംസ്ഥാനം ഭരിച്ച ഇരുമുന്നണിയുടെയും നിഷേധാത്മക സമീപനമാണ് മലയോര ജനതയെ ഈ സ്ഥിതിയിലാക്കിയത്. കേരളത്തിൽ പരിസ്ഥിതിലോല മേഖല നിർദേശിച്ചത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വാജ്‌പേയ് സർക്കാറാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമിതികളിലൂടെ പശ്ചിമഘട്ട ജനവിഭാഗത്തെ ഒന്നാകെ വിദേശ ശക്തികൾക്ക്​ തീറെഴുതിക്കൊടുത്തത് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറുമാണ്.

ബഫർസോൺ വിഷയത്തിൽ എം.പിമാർ ഇടപെടണം. സംരക്ഷിത വനാതിർത്തിയിലെ ബഫർസോൺ ഉത്തരവ് തിരുത്താനും മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സർക്കാറുകൾ നടപടിയെടുക്കണം. വിഷയം ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും കൃത്യവിലോപം തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക്​ രൂപംനൽകുമെന്നും ഫോറം വാർത്തക്കുറിപ്പിൽ അറിയിച്ചു.

News Summary - Buffer Zone: Almaya Forum says people are being fooled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.