സംസ്ഥാന ബഡ്സ് കലോത്സവത്തിൽ ചാമ്പ്യന്മാരായ തൃശൂർ ജില്ല ടീം
കളമശ്ശേരി: കേരളത്തിലെ ബഡ്സ് കലാപ്രതിഭകൾ നിറഞ്ഞാടിയ സംസ്ഥാന ബഡ്സ് കലോത്സവം 'തകധിമി'യിൽ തൃശൂർ ജില്ല ജേതാക്കളായി. രണ്ടാംസ്ഥാനം എറണാകുളം ജില്ലയും മൂന്നാംസ്ഥാനം വയനാട് ജില്ലയും നേടി. തൃശൂർ ജില്ലയിലെ എ.സി. അനീഷ് കലോത്സവത്തിന്റെ മികച്ച പ്രതിഭയായി. കുസാറ്റ് കാമ്പസിൽ രണ്ടുദിവസങ്ങളിലായി നടന്ന മേളയുടെ സമാപന സമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നടന്ന കലോത്സവത്തിൽ ഒന്നാമതെത്തിയ 328 പ്രതിഭകളാണ് സംസ്ഥാനതലത്തിൽ മാറ്റുരക്കാൻ എത്തിയത്.
ശിശുദിനത്തോട് അനുബന്ധിച്ച് ബാലസഭ കുട്ടികൾ തന്നെ രചിച്ച് ഡിസൈൻ ചെയ്ത അറിവൂഞ്ഞാൽ മാസികയുടെ പ്രത്യേക പതിപ്പ് ജില്ല കലക്ടർ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷതവഹിച്ചു. നടി റിമ കല്ലിങ്കൽ മുഖ്യാതിഥിയായി.
മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കേരള പഞ്ചായത്ത് അസോ. ജില്ല പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, നഗരസഭ വാർഡ് കൗൺസിലർ സംഗീത രാജേഷ്, കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫിസർ ഡി. കൃഷ്ണപ്രിയ, സോഷ്യൽ ഡെവലപ്മെന്റ് പ്രോഗ്രാം ഓഫിസർ ആർ. പ്രദീപ് കുമാർ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ എം.ബി. പ്രീതി, ഓട്ടിസ്റ്റിക് ചൈൽഡ് ഫിലോസഫർ മാസ്റ്റർ നയൻ, യൂത്ത് ഐക്കൺ (ഇന്റലക്ച്വലി ഡിസേബിൾഡ്) സൽമാൻ കുറ്റിക്കോട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.