ബജറ്റ്: ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ആശങ്ക ബാക്കി

തിരുവനന്തപുരം: മൂന്നു വര്‍ഷത്തില്‍ അധികമായി തസ്തിക സൃഷ്ടിക്കുന്നതും കാത്തിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ബജറ്റ് പ്രഖ്യാപനം വന്നപ്പോള്‍ ആശങ്ക ബാക്കി. 2014 മുതല്‍ സംസ്ഥാനത്ത് അനുവദിച്ച പുതിയ ഹയര്‍ സെക്കന്‍ഡറികളിലേക്കും അധികബാച്ചുകളിലേക്കുമുള്ള തസ്തിക നിര്‍ണയം സംബന്ധിച്ചാണ് ബജറ്റ് പ്രസംഗത്തില്‍ അവ്യക്തതയുള്ളത്. 2500ലേറെ ഫുള്‍ വര്‍ക്ക്ലോഡുള്ള തസ്തികകള്‍ അനുവദിക്കുമെന്നാണ് പ്രസംഗത്തില്‍ പറയുന്നത്.
3500ഓളം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശം രണ്ടാതവണയും ധനവകുപ്പ് തിരിച്ചയച്ചതിനു പിന്നാലെയാണ് ബജറ്റില്‍ 2500 തസ്തികകള്‍ അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കിടെ സൃഷ്ടിക്കുമെന്ന് പറയുന്നത്.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ നിലവിലെ ജോലിഭാരം വര്‍ധിപ്പിച്ച് തസ്തികകളുടെ എണ്ണം പുന$ക്രമീകരിച്ച് പുതിയ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് വിദ്യാഭ്യാസ വകുപ്പിന് യു.ഒ നോട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതംഗീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ് പഴയ ജോലിഭാരത്തില്‍തന്നെ തസ്തിക സൃഷ്ടിക്കണമെന്ന നിലപാടെടുത്ത് ഫയല്‍ ധനവകുപ്പിനുതന്നെ അയച്ചു.

പഴയ നിലപാട് ആവര്‍ത്തിച്ച് ഫയല്‍ വീണ്ടും ധനവകുപ്പ് തിരിച്ചയച്ചതിനു പിന്നാലെയാണ് തസ്തികകളുടെ എണ്ണം കുറച്ചുകാണിച്ചുള്ള ബജറ്റ് പ്രഖ്യാപനം വന്നത്. എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ മൂന്നു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന അധ്യാപകരെയാണ് ഇത് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ജൂനിയര്‍ തസ്തിക മാറ്റിവെച്ച് ഹയര്‍ സെക്കന്‍ഡറി സീനിയര്‍ തസ്തികകള്‍ മാത്രം സൃഷ്ടിക്കാനുള്ള നീക്കമാണിതെന്നാണ് ഇവരുടെ ആശങ്ക. പൊതുവിദ്യാഭ്യാസ വകുപ്പിനും ഇതിനെക്കുറിച്ച് വ്യക്തതയില്ല.

ഹയര്‍ സെക്കന്‍ഡറി വിഭാഗം നല്‍കിയ പ്രപ്പോസല്‍ പ്രകാരം 2014-15 വര്‍ഷത്തില്‍ എയ്ഡഡ് മേഖലയില്‍ മാത്രം 1065 ജൂനിയര്‍ തസ്തികയും 70 സീനിയര്‍ തസ്തികയും സൃഷ്ടിക്കണം. 2015-16 വര്‍ഷത്തേക്ക് 674 ജൂനിയര്‍ തസ്തികയും 89 സീനിയര്‍ തസ്തികയും ആവശ്യമാണ്. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളുടേത് കൂടി ചേര്‍ക്കുമ്പോള്‍ 3500ഓളം തസ്തികകള്‍ സൃഷ്ടിക്കണമെന്ന നിലപാടിലാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും പൊതുവിദ്യാഭ്യാസ വകുപ്പും.

എന്നാല്‍, ഏഴു വരെ പീരിയഡുകള്‍ക്ക് തസ്തിക സൃഷ്ടിക്കേണ്ടതില്ളെന്നും ഗെസ്റ്റ് അധ്യാപകര്‍ മതിയെന്നുമാണ് ധനവകുപ്പ് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ നോട്ടില്‍ വ്യക്തമാക്കിയത്. നിലവിലെ ജോലി ഭാരം മുഴുവനും വര്‍ധിപ്പിക്കുന്ന നിര്‍ദേശവും ഈ കുറിപ്പില്‍ മുന്നോട്ടുവെക്കുന്നു.

ഈ കുറിപ്പിനെ സാധൂകരിക്കുന്ന രീതിയിലാണ് ബജറ്റില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം. മൂന്നു വര്‍ഷത്തില്‍ അധികമായി ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം തസ്തിക നിര്‍ണയം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയും ബജറ്റ് പ്രഖ്യാപനത്തോടെ ഇല്ലാതായി. 2018-19 അധ്യയന വര്‍ഷത്തോടെ മാത്രമേ 2500 തസ്തികകള്‍ സൃഷ്ടിക്കുന്നത് പൂര്‍ത്തിയാവുകയുള്ളൂ. 

Tags:    
News Summary - budjet: higher secondary sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.